UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്; ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു

ആദ്യ പത്തു സ്ഥാനങ്ങളില്‍ അമേരിക്കയും ഇടം പിടിച്ചിട്ടുണ്ട്

ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ വീണ്ടും തല കുനിക്കുന്നു. ലോകത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. ലൈംഗിക അതിക്രമത്തിനും അടിമപ്പണിക്കും ഇന്ത്യയിലെ സ്ത്രീകളെ ഉയര്‍ന്ന തോതില്‍ ഉപയോഗിക്കുന്നതായ് തോംസണ്‍ റോയ് ട്ടേര്‍സ് ഫൗണ്ടേഷന്‍ (The Thomson Reuters Foundation) സര്‍വേ ഫലം. ഐക്യ രാഷ്ട്ര സഭകളില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവില്‍ ആണ് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സിറിയ മൂന്നാം സ്ഥാനത്തുമാണ്.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബസിച്ച പഠനത്തില്‍ വിദഗ്ധരായ 550 പേരാണ് ഇന്ത്യയിലെ പ്രശ്‌നങ്ങളുടെ ഭീകരത വെളിപ്പെടുത്തിയത്. നിര്‍ബന്ധിത ജോലി, വിവാഹം, ലൈംഗിക ചൂഷണം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ഇന്ത്യ ഒന്നാമതാണെന്നാണ് പഠനം. കൂടാതേ സ്ത്രീകളെ ബാധിക്കുന്ന തരം ആചാര അനുഷ്ഠാനങ്ങള്‍, അസിഡ് ആക്രമണം, പെണ്‍ ഭ്രൂണഹത്യ എന്നിവയിലും ഇന്ത്യയാണത്രെ നമ്പര്‍ വണ്‍! ഏഴ് വര്‍ഷം മുമ്പ് ഇതേ സര്‍വേ നടന്നപ്പോള്‍ നാലാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

16-18 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമം ഉള്‍പ്പെടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന വിഷയങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. സ്ത്രീ സുരക്ഷ വര്‍ഷങ്ങളായുള്ള ആവശ്യമായിട്ടും, 2012 മുതല്‍ ഇങ്ങോട്ട് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിട്ടും, കൃത്യമായ സംവിധാനം ഇല്ലാത്ത സാഹചര്യം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

2012-ല്‍ നടന്ന ഡല്‍ഹി പീഡനത്തിന് ശേഷം നിരവധി സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നും യഥാര്‍ത്ഥ സംവിധാനം നിലവില്‍ വന്നിട്ടില്ല. ദിവസവും 100 ലധികം ലൈംഗിക പീഡന പരാതികള്‍ പോലീസില്‍ ലഭിക്കുന്ന നാടായി, ഇന്ത്യ മാറി! നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, 2016ല്‍ രേഖപ്പെടുത്തിയത് 39000 കേസുകള്‍ ആണ്. 12% വര്‍ദ്ധനയാണ് കേസുകളുടെ കാര്യത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്നത്.

ആദ്യ പത്തു സ്ഥാനങ്ങളില്‍ അമേരിക്കയും ഇടം പിടിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളില്‍ അമേരിക്ക മൂന്നാം സ്ഥാനത്താണ്. ഫൗണ്ടേഷന്‍ പട്ടികയാല്‍ ഉള്‍പ്പെടുത്തിയ 10 രാജ്യങ്ങളില്‍ ഒമ്പതും ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ആരോഗ്യ സുരക്ഷ പ്രശ്‌നങ്ങളും വന്‍തോതില്‍ നില നില്‍ക്കുന്ന രാജ്യമാണ് അഫ്ഗാന്‍.

സ്ത്രീകള്‍ പേടിക്കേണ്ട അഞ്ച് രാജ്യങ്ങള്‍ അഫ്ഗാന്‍, കോംഗോ, പാകിസ്ഥാന്‍, ഇന്ത്യ, സൊമാലിയ എന്നായിരുന്നു ഏഴ് വര്‍ഷം മുമ്പ് നടന്ന സര്‍വെ രേഖപ്പെടുത്തിയത്. 2011 ല്‍ റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ആയിരുന്നു ഒന്നാമത്.

സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന എക്‌സിക്യുട്ടിവ് ഓര്‍ഡര്‍ ഏപ്രിലില്‍, കേന്ദ്രം പാസാക്കിയിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് ലൈംഗിക പീഡനം ആണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.

മനുഷ്യക്കടത്ത്, മോശം ആരോഗ്യ പരിരക്ഷ, സാമ്പത്തിക പരിതസ്ഥിതി, ലൈംഗികാതിക്രമം, നിര്‍ബന്ധിത വിവാഹം, സ്ത്രീ ഭ്രൂണഹത്യ എന്നിവയായിരുന്നു സര്‍വേയിലെ വിഷയങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍