UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്രമികളിൽ മുണ്ടുടുത്തയാളും, ആലുവയിൽ 20 കിലോ സ്വർണം കവർന്നത് ഇതര സംസ്ഥാനക്കാരല്ലെന്ന നിഗമനത്തിൽ പോലീസ്

കവർച്ചക്കാരിൽ ഒരാൾ ‘ചില്ല് അടിച്ചു പൊട്ടിക്കെടാ’ എന്ന് പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരനും കാറിലുണ്ടായിരുന്നവരും മൊഴി നൽകിയിട്ടുണ്ട്.

ആലുവ എടയാറിൽ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം കവർന്ന സംഭവത്തിന് പിന്നിൽ കൃത്യമായ ആസുത്രണം നടന്നതായി വിലയിരുത്തലിൽ പോലീസ്. സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികൾ അല്ലെന്നും മലയാളികൾ തന്നെയാണെന്നുമുള്ള നിലപാടിലാണ് അധികൃതർ. സിസിടിവി ദൃശ്യങ്ങളും ശുദ്ധീകരണ ശാലയുടെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ നൽകിയ മൊഴികളും പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. ആറുകോടിയോളം രൂപ വില വരുന്ന സ്വർണമാണ് കവർന്നത്.

എടയാർ വ്യവസായ മേഖലയിലെ ആലുവ ടെക്നോ റബേഴ്സിന് സമീപം സി.ജി.ആർ മെറ്റലോയിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കവർച്ചയുടെ പൂർണമായ സി.സി ടിവി ദൃശ്യം ലഭിച്ചെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തത് പൊലീസിന് തിരിച്ചടിയാണ്. എന്നാൽ കൃത്യത്തിൽ പങ്കെടുത്തവര്‍ ഇവിടെ നിലയുറപ്പിക്കുന്നതും, ബൈക്കിൽ ചാരിനിന്ന് മദ്യപിക്കുന്നതും സ്വർണം കൊണ്ടുവന്ന വാഹനം ആക്രമിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങളില്‍ വ്യക്തയില്ലെങ്കിലും അക്രമികളിൽ ഒരാള്‍ മുണ്ടാണ് ഉടുത്തിട്ടുള്ളതെന്ന് മനസ്സിലാവുന്നുണ്ടെന്നാണ് വിവരം.

ഇതിന് പുറമെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ നൽകുന്ന വിവരം. കവർച്ചക്കാരിൽ ഒരാൾ ‘ചില്ല് അടിച്ചു പൊട്ടിക്കെടാ’ എന്ന് പറഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരനും കാറിലുണ്ടായിരുന്നവരും മൊഴി നൽകിയിട്ടുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കുന്നതിനിള്ള സ്വർണം എത്തിക്കുന്നത് ദിവസവും രാത്രി 9നും 11നും ഇടയിലാണെന്ന് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാന്നും പോലീസ് വിലയിരുത്തുന്നു. എറണാകുളം പനമ്പള്ളി നഗർ സ്വദേശി ജെയിംസ് ജോസഫിന്റെ ഉടമസ്ഥതയിൽ 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സ്വർണപ്പണിയാണ് നടക്കുന്നത് അറിയില്ലായിരുന്നു. ഈ സാഹചര്യവും ഇതിനെ ഇവിടവുമായി ബന്ധപ്പെടുന്നവരിലേക്ക് പോലീസ് വിരൽ ചൂണ്ടുന്നതിന് കാരണമാവുന്നു. വൻകിട ജുവലറികളിൽ നിന്ന് ശേഖരിക്കുന്ന സ്വർണം ശുദ്ധീകരിച്ച് ഹാൾമാർക്ക് ആക്കുന്ന സ്ഥാപനമാണിവിടെ പ്രവർത്തിക്കുന്നത്.

അതേസമയം, സമയം കവർച്ചക്കായി കാര്യമായി മൽപ്പിടിത്തം നടക്കാത്തതും, കാറുലുണ്ടായിരുന്നവർ നൽകിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. വലിയ തോതില്‍ സ്വർണം എത്തിച്ചപ്പോഴും മതിയായ സുരക്ഷ ഒരുക്കാതിരുന്നതിനെ കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

സ്വര്‍ണവുമായെത്തിയ വാഹനം സ്ഥാപനത്തിന് മുന്നിലെത്തുകയും വാച്ചർ ഗേറ്റ് തുറക്കുന്നതിനും ഇടയിലുള്ള സമയത്തായിരുന്നു കവർച്ച. പരിസരത്ത് പതുങ്ങി നിന്നിരുന്ന രണ്ടുപേർ കാറിന്റെ പിൻചില്ലും വലതുവശത്തെ ചില്ലുകളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മോഷണം നടത്തിയത്. കാറിൽ വച്ചിരുന്ന 20 കിലോ സ്വർണമടങ്ങിയ പെട്ടിയുമായി പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടെന്നാണ് പൊലീസിന് നൽകിയ മൊഴി. അഞ്ച് കിലോ സ്വർണം സൂക്ഷിച്ച മറ്റൊരു പെട്ടി കാറിന്റെ സീറ്റിനടിയിലായിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. കാറിലുണ്ടായിരുന്നവരുടെ മുഖത്തേക്ക് മയക്കുമരുന്ന് സ്‌പ്രേ ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ പള്ളുരുത്തി സ്വദേശി നോയൽ ജോയി കാറിൽ നിന്ന് രക്ഷപ്പെട്ടു. ഡ്രൈവർ പനമ്പള്ളി നഗർ സ്വദേശി കെ.വി. സജി, പുതുവൈപ്പ് സ്വദേശി പീറ്റർ തോമസ്, ഫോർട്ടുകൊച്ചി മൂലങ്കുഴി സ്വദേശി വി.ജെ. ജെസ്റ്റിൻ എന്നിവർ അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍