UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടപ്പാളോട്ടം: അന്വേഷണം പൂർത്തിയാവാതെ ബൈക്കുകൾ വിട്ടുകൊടുക്കില്ലെന്ന് പോലീസ്

ബൈക്ക് തേടി നേരിട്ട് സ്റ്റേഷനിലെത്തിയവരോട് അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാനാവൂ എന്ന് പൊലീസ് നിലപാട് എടുത്തതായും ആരോപണമുണ്ട്.

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ എടപ്പാളിലുണ്ടായ സംഘർഷത്തിനിടെ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിൽ കിടന്നു നശിക്കുന്നു. സംഘർഷത്തിനിടെ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകളാണ് പൊന്നാനി, ചങ്ങരകുളം സ്റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുന്നത്. എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഹര്‍ത്താല്‍ ദിനത്തിലെ സംഭവം നടന്ന 20 ദിവസങ്ങൾ പിന്നിടുമ്പോഴാണ് വാഹനങ്ങൾ ഇപ്പോഴും ഉടമകളെത്താതെ നശിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും ഏറ്റുമുട്ടുകയായിരുന്നു. ബൈക്കിലെത്തിയവരെ വളഞ്ഞിട്ട് മർ‌ദിച്ചതോടെ ബൈക്കുൾപ്പെടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഘർഷത്തിനിടെ ഓടി രക്ഷപ്പെട്ടവരെ ചൊല്ലി പിന്നീട് സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിൽ പരസ്പരം ആരോപണങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം റോഡില്‍ ഉപേക്ഷിച്ചു പോയ എട്ട് ബൈക്കുകളാണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഉള്ളത് അക്രമസംഭവങ്ങക്ക് ശേഷം നടത്തിയ പരിശോധനയിൽ റോഡിൽ സംശയാസ്പദമായ നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 26 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലും ഉടമകൾ തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. എടപ്പാള്‍ ജംഗ്ഷനിലായിരുന്നു സിപിഎം-സംഘപരിവാര്‍ സംഘട്ടനം നടന്നത്. ‍

അതേസമയം, ബൈക്കുകളുടെ രജിസ്ട്രേഷൻ നമ്പർ പ്രകാരം ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരേയും തിരഞ്ഞു പിടിക്കാൻ പോലീസ് മിനക്കെട്ടിട്ടില്ല. ഉടമകളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനില്‍ നേരിട്ട് ഹാജരാവാൻ ഇവർ തയ്യാറായിട്ടില്ല.

എന്നാൽ ബൈക്ക് തേടി നേരിട്ട് സ്റ്റേഷനിലെത്തിയവരോട് അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാനാവൂ എന്ന് പൊലീസ് നിലപാട് എടുത്തതായും ആരോപണമുണ്ട്. ഹർത്താലിനോട് ബന്ധപ്പെട്ട് പൊന്നാനി-എടപ്പാള്‍ മേഖലയിലുണ്ടായ അക്രമങ്ങളില്‍ പങ്കാളികളായവരുടെയും പൊന്നാനി എസ്.ഐ നൗഷാദിന്‍റെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടേയും വാഹനങ്ങൾ ഇതിലുണ്ടെന്നുമാണ് ഇതിന് കാരണമായി പോലീസ് മുന്നോട്ടുവയക്കുന്ന വാദം. അക്രമങ്ങളില്‍ നാല് പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍