UPDATES

ട്രെന്‍ഡിങ്ങ്

മത വികാരം വ്രണപ്പെടുത്തി; ശബരിമലയിൽ ദർശനം നടത്താനെത്തി മടങ്ങിയ ലിബി അറസ്റ്റില്‍

മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ലിബിയില്‍ ചുമത്തിയിരിക്കുന്നത്.

മത വികാരം വ്രണപ്പെടുത്തി കേസില്‍ സി എസ് ലിബി അറസ്റ്റില്‍. ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു എന്ന കേസിലാണ് ലിബിയെ അറസ്റ്റ് ചെയ്തത്. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുമേഷ് കൃഷ്ണ എന്ന വ്യക്തിയാണ് ലിബിയ്‌ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ശബരിമലയില്‍ യുവതീ പ്രവേശനമനുവദിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട യുവതികളില്‍ ഒരാളാണ് ലിബി. സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് പാതി വഴിയില്‍ ലിബിയ്ക്ക് മടങ്ങേണ്ടി വന്നു. ‘ അയ്യപ്പന് കണ്‍ട്രോള്‍ പോകുമെന്നുറപ്പുണ്ടെങ്കില്‍ കടുക്കാ കഷായം അത്യുത്തമമെന്ന’ പി പി സുമന്‍ എഴുതിയ ലേഖനം ഫേസ്ബുക്കില്‍ ലിബി ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസ് നല്‍കിയത്. ഏഴ് പോലീസ് സ്റ്റേഷനുകളില്‍ ഇതേ കാര്യം ഉയര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലിബിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ലിബി മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി.
മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ലിബിയില്‍ ചുമത്തിയിരിക്കുന്നത്. സെന്‍ട്രല്‍ പോലീസ് ആദ്യം ലിബിയുടെ പേരില്‍ കേസ് എടുത്തിരുന്നില്ല. എന്നാല്‍ കേസ് എടുക്കണമെന്ന് കാണിച്ച് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പരാതിയില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18നും ലിബി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് കേസിനാസ്പദമായത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സെഷന്‍സ് കോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലിബിയെ കോടതിയില്‍ ഹാജരാക്കും.
മുമ്പ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പരാതി നല്‍കിയതും അറസ്റ്റ് ചെയ്തതും. ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷമാണ് രഹ്ന ജയില്‍ മോചിതയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍