UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സിപിഎം നിലപാട് മയപ്പെടുത്തുന്നു; ആചാരസംരക്ഷണ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ആരിഫ്, തള്ളാതെ കടകംപള്ളി

വിശ്വാസസമൂഹത്തെ തിരിച്ചുപിടിക്കുക എന്നത് നിലപാടിനപ്പുറത്ത് സിപിഎമ്മിന്റെ അഭിമാനപ്രശ്നമായി മാറുന്നു എന്ന സൂചനയും പ്രതികരണങ്ങള്‍ നൽകുന്നു.

ശബരിമലയില്‍ ആചാര സംരക്ഷണത്തിന് സ്വകാര്യബില്ല് അവതരിപ്പിക്കാന്‍ ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന് അനുമതി ലഭിച്ചതോടെ വിഷയത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി സിപിഎം. വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്ന് ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ സ്വകാര്യ ബില്ലിനെ എതിര്‍ക്കില്ലെന്ന് പ്രസ്താവനയുമായി സിപിഎമ്മിന്റെ കേരളത്തില്‍നിന്നുള്ള ഏക എംപി എ എം ആരിഫും രംഗത്തെത്തി. ഇതോടെ തെരഞ്ഞെടുപ്പിലെ തിരിച്ചടി ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കുന്നുവെന്ന വസ്തുതയാണ് വെളിപ്പെടുത്തുന്നത്.

എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്ലുമായി എത്തിയതോടെയാണ് ശബരിമല വിഷയം വീണ്ടും സജീവമായത്. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഏറ്റ വലിയ പരാജയത്തിന് കാരണം ശബരിമലയില്‍ സ്വീകരിച്ച നിലപാടുകളാണെന്ന വാദം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണമെന്ന് ഈ മാസമാദ്യം ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റത്തിന്റെ സൂചനയുമായി മന്ത്രിയും എംപിയുടെയും പ്രസ്താവനകള്‍ എത്തിയത്.

Also Read: എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്ലിന് എന്ത് സംഭവിക്കും? സാധ്യതകള്‍ ഇങ്ങനെ

വെള്ളിയാഴ്ച്ച എൻ.കെ പ്രേമചന്ദ്രന്‍ യുവതീ പ്രവേശം തടയുന്നതുൾപ്പടെയുള്ള നാല് ബില്ലുകൾ സഭയിൽ അവതരിപ്പിക്കുമ്പോൾ ഇതിനെ എതിർത്ത് സംസാരിക്കില്ലെന്നാണ് ആരിഫിന്റെ പ്രതികരണം. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ആരിഫ്. വിഷയത്തിൽ കേന്ദ്രസർക്കാർ യുവതീപ്രവേശം തടയുന്ന ബിൽ അംഗീകരിച്ചാൽ ഒപ്പം നിൽക്കുമെന്നും ആലപ്പുഴ എംപി വ്യക്തമാക്കുന്നു. ബില്ലവതരിപ്പിക്കുന്നത് അംഗങ്ങളുടെ അവകാശമാണെന്നും അതിൽ തീരുമാനമെടുക്കെടുക്കേണ്ടത് കേന്ദ്ര സർക്കാറാണെന്നും ആരിഫ് കൂട്ടിച്ചേര്‍ക്കുന്നു.

യുവതീ പ്രവേശനം തടയുന്ന ബില്ലിനെ തള്ളാതെ ദേവസ്വം മന്ത്രി തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആരിഫിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ പ്രതികരിച്ച കടകംപള്ളി സുരേന്ദ്രൻ ബില്ല് കൊണ്ടുവന്ന് നിയമമാക്കുന്നതാണ് ഉചിതമെന്നായിരുന്നു പ്രതികരിച്ചത്. ഇക്കാര്യം സ്വകാര്യ ബില്ലായി അവതരിപ്പിക്കാതെ സർക്കാർ നിയമ ഭേദഗതി നടത്തുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. സ്വകാര്യ ബില്ലായി അവതരിപ്പിക്കുന്നതിനെ എതിർത്തെങ്കിലും വിഷയത്തില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരിക്കുന്ന, ശബരിമലയില്‍ യുവതീപ്രവേശം ആവാം എന്ന നിലപാടിനെ മയപ്പെടുതുന്ന സമീപനമാണ് കടകംപള്ളി സ്വീകരിച്ചത്. സ്വകാര്യ ബില്ലിനെ എതിര്‍ത്തെങ്കിലും ബില്ലിലെ വിഷയത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എ പത്മകുമാറും നേരത്തെ സമാനമായ നിലപാടാണ് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് ആചാര സംരക്ഷണത്തില്‍ ആത്മാര്‍ത്ഥതയുടെങ്കില്‍
എന്‍ കെ പ്രേമചന്ദ്രന്റെ ബില്ല് ഔദ്യോഗിക ബില്ലായി മാറ്റുകയാണ് വേണ്ടതെന്ന് എ പത്മകുമാര്‍ പറഞ്ഞു. ബില്ല് നിയമമായാല്‍ അത് നടപ്പാക്കുമെന്നായിരിക്കും സര്‍ക്കാര്‍ നിലപാട്. പ്രേമചന്ദ്രന്റെ ബില്ലിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ശബരിമല വിഷയം ഉയർത്തിയ പ്രതിസന്ധി കോന്നി ഉപതിരഞ്ഞെടുപ്പിൽ മറികടക്കാൻ സർക്കാരും മുന്നണിയും ശ്രമിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ വ്യക്തമാക്കി. ശബരിമലയിൽ ഇടതുമുന്നണിയുടെ ഇടപെടൽ തെറ്റിദ്ധരിക്കപ്പെട്ടു. ആ തെറ്റിദ്ധാരണ മാറ്റണം. അങ്ങനെയെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കോന്നി ഇടതുമുന്നണിക്കു തിരിച്ചുപിടിക്കാമെന്നും പത്മകുമാർ പറയുന്നു. ശബരിമല വിഷയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്ന സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ‌ കൂടിയായിരുന്നു പ്രതികരണം.

Also Read: ഹിന്ദുത്വ, സവർണ, ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം.പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍