UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാഠപുസ്തകത്തിലെ ഭാരതിയാറുടെ തലപ്പാവിന് കാവിനിറം; തമിഴ്നാട്ടില്‍ പ്രതിഷേധം

ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കോട്ടൈയ്യന്‍ തയ്യാറായിട്ടില്ല.

തമിഴ്നാട്ടിലെ പ്ലസ്ടു പാഠപുസ്തകത്തിലെ വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ ചിത്രം വിവാദത്തിൽ. സാധാരണയായി വെള്ള നിറമുള്ള തലപ്പാവ് ധരിച്ചുള്ള ചിത്രത്തിന് പകരം തലപ്പാവിന് കാവി നിറം നൽകിയതാണ് വിവാദത്തിന് ആധാരം. കനത്ത പ്രതിഷേധമാണ് ഇതിനെതിരെ തമിഴ്നാട്ടിൽ ഉയരുന്നത്.

സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് പാഠപുസ്തകം പുറത്തിറക്കിയത്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയാണ് കാവി തലപ്പാവിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി രംഗത്തെത്തിയിട്ടുള്ളത്. സുബ്രഹ്മണ്യ ഭാരതി കാവി തലപ്പാവ് അണിഞ്ഞ് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നായിരുന്നു ഡിഎംകെ എംഎല്‍എ തങ്കം തേനരശിന്റെ പ്രതികരണം. ഇത്തരം നടപടികളിലൂടെ വിദ്യാർത്ഥികള്‍ക്കിടയിൽ ഭാരതിയാരെ കുറിച്ച് തെറ്റായ ധാരണ നൽകുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കോട്ടൈയ്യന്‍ തയ്യാറായിട്ടില്ല. സുബ്രഹ്മണ്യ ഭാരതിയാരെ കാവിവത്കരിച്ചിട്ടില്ലെന്നാണ് തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എജ്യുക്കേഷണല്‍ സര്‍വീസ് കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ബി വളര്‍മതി പ്രതികരിച്ചു. സ്വാഭാവികമായി പറ്റിയ തെറ്റിനെ രാഷ്ട്രീയവത്കരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ചിത്രത്തിന് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം നൽകിയപ്പോൾ‌ തലപ്പാവ് കാവി നിറമായിപ്പോയതെന്നായിരുന്നു പാഠപുസ്തകം ഡിസൈന്‍ ചെയ്ത കലാകാരന്റെ നിലപാട്.

ഇത്തവണയും നമ്മള്‍ നിപയെ അതിജീവിക്കും: മുഖ്യമന്ത്രി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍