UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ഭഗവാനെ കാണാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നില്ലെ; പിന്നെ പോലീസുകാര്‍ ശമ്പളം നല്‍കിയാലെന്താ: കാസര്‍കോട് എസ്പി

സാലറി ചാലഞ്ചില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് അവരെ പ്രോത്സാഹിപ്പിക്കാനാണ് സന്ദേശം നല്‍കിയതെന്നാണ് എസ്പിയുടെ പ്രതികരണം.

മുഖ്യന്ത്രിയുടെ സാലറി ചാലഞ്ച് പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശം വിവാദത്തില്‍. സേനയില്‍ തെറ്റുകാര്‍ക്കെതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മഹാമനസ്‌കതയില്‍ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും, ഇതു കണക്കിലെടുത്തു ശമ്പളം നിധിയിലേക്ക് നല്‍കാന്‍ മടിക്കരുതെന്നുമായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. സ്ഥാനക്കയറ്റങ്ങള്‍ക്കും സര്‍ക്കാര്‍ ഉദാരമായാണ് ഇടപെടുന്നത്. ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങള്‍ക്ക് ഉപരിയാണ് ഇത്തരം ഇത്തരം ഇടപെടല്‍. ഇതും സര്‍ക്കാരിന്റെ ഔദാര്യമാണെന്നും പോലീസ് മേധാവി സര്‍ക്കുലറില്‍ പറയുന്നു.

23ാം തീയ്യതിയാണ് പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം കൈമാറിയത്. മാസ ശമ്പളം എന്തിന് ദുരിതാശ്വാസത്തിന് നല്‍കണം. 30 മിനിറ്റ് ആലോചിക്കണമെന്നും സന്ദേശം ആവശ്യപ്പെടുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും സോണ്‍ എഡിജിപിമാര്‍ക്കും കണ്ണൂര്‍, തൃശൂര്‍ ഐജിമാര്‍ക്കും സന്ദേശത്തിന്റെ പകര്‍പ്പ് അയച്ചുകൊടുത്തിട്ടുണ്ട്. സാലറി ചാലഞ്ചിന് വിസമ്മതം അറിയിക്കാനന്‍ 22 ആയിരുന്നു അവസാന തിയ്യതി. ദുരിതാശ്വാസ നിധിയിലേക്ക് പോലീസുകാരുടെ ശമ്പളം നല്‍കുന്നതിനായി രസകരമായ സന്ദേശത്തില്‍ എസ് പി നിരത്തുന്നുണ്ട്.

ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോള്‍ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണുന്നതിനു സാധിക്കുന്നു. മറ്റുള്ളവരെക്കാള്‍ ഭഗവാനെ ദര്‍ശിക്കാന്‍ പോലീസുകാര്‍ക്കാകും, ഇത് ദൈവ കൃപയാണിതെന്ന് വ്യക്തമാക്കിയാണ് എസ്പിയുടെ സന്ദേശം ആരംഭിക്കുന്നത്. ബുദ്ധിമുട്ടുള്ള ജോലികള്‍ക്ക് ശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നില്ലേ? സര്‍ക്കാരിന്റെ കൃപ കാരണമാണിത്. വിരമിക്കല്‍ അടുത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. പരേഡില്‍നിന്ന് അവരെ ഒഴിവാക്കുന്നു. ശിക്ഷണ നടപടികളില്‍ അനുകമ്പ. വീടിനടുത്ത് ജോലി ഉറപ്പാക്കുന്നു. സര്‍ക്കാരിന്റെ ഈ ഔദാര്യം അംഗീകരിക്കേണ്ടേ. പൊലീസുകാരുടെ മക്കള്‍ക്ക് സേനയിലെ ബസുകളില്‍ സ്‌കൂളിലേക്ക് പോകാന്‍ സൗകര്യം. വിരമിച്ചതിനുശേഷം മരിച്ചാലും ശവസംസ്‌കാരത്തില്‍ ബ്യൂഗിള്‍ വായിക്കുന്നു. സേനയില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയാല്‍ ലളിതമായ ഡ്യൂട്ടികള്‍ നല്‍കുന്നതാണ് പതിവ്. വാങ്ങുന്ന ശമ്പളം പോലും പരിഗണിക്കാതെയാണ് ചെറിയ ജോലി നല്‍കുന്നത്. പെല സേനകളിലും പോലീസ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്. പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ലേ, ചിന്തിക്കണമെന്നും കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും പോലീസ് മേധാവി പറയുന്നു.

എന്നാല്‍ സാലറി ചാലഞ്ചില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് അവരെ പ്രോത്സാഹിപ്പിക്കാനാണ് സന്ദേശം നല്‍കിയതെന്നാണ് എസ്പിയുടെ പ്രതികരണം. ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധിച്ചിട്ടില്ലെന്നും ശ്രീനിവാസ് ഐപിഎസ് ‘മനോരമ ഓണ്‍ലൈനോട്’ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍