തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും ആസംഖാന് പ്രതികരിച്ചു.
മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സ്പീക്കർ ചെയറിലിരുന്ന ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ച സംഭവം വൻ വിവാദത്തിൽ. എനിക്ക് ഒരു അവസരം നല്കിയാല് ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്നായിരുന്നു അസം ഖാന് സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞത്.
എന്നാൽ പരാമർശത്തെ എതിർത്ത് രാമാദേവി പ്രതികരിച്ചതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തുകയായിരുന്നു. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു. ബഹളം തുടർന്നതോടെ വാക്കുകളെ ന്യായീകരിക്കാനും അസംഖാൻ തയ്യാറായി.
രമാദേവി വളരെ ബഹുമാനിതയാണെന്നും എനിക്ക് സഹോദരിയെപ്പോലെയാണെന്നും ആസംഖാന് വിശദീകരിച്ചു. ഇതിനിടെ സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ലയും ആസംഖാനെതിരെ ശക്തമായി വിമർശിച്ചു. ആസംഖാന് സഭയില്‍ മാപ്പുപറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
എന്നാൽ തന്റെ പരാമര്‍ശം അസഭ്യമാണെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മാപ്പ് പറയില്ലെന്നും ആസംഖാന് പ്രതികരിച്ചു. പിന്നാലെ ആസംഖാന് പിന്തുണയുമായി എസ്.പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. തർക്കത്തിന് പിന്നാലെ ഇരുവരും പിന്നീട് ലോക്സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.
അതിനിടെ, വിഷയത്തിൽ കേന്ദ്ര വനിതാ കമ്മീഷന് ഇടപെട്ടു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ അസംഖാനെ സ്പീക്കർ അയോഗ്യനാക്കണമെന്ന് കമ്മീഷന് അധ്യക്ഷ ആവശ്യപ്പെട്ടു.