UPDATES

സഞ്ജയ് ദത്തിനെ മോചിപ്പിച്ചത് കേന്ദ്രവുമായി ആലോചിക്കാതെ; രാജീവ് വധക്കേസ് പ്രതി പേരറിവാളനും ദത്തിനും ഇരട്ടനീതിയോ?

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ശ്രീഹരന്‍ അലിയാസ് മുരുഗന്‍ കേസില്‍ വ്യക്തമാക്കിയത് ആയുധ ആക്ടുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാണ് അവകാശം എന്നാണ്.

നടന്‍ സഞ്ജയ് ദത്തിനെ മോചിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചിരുന്നില്ല എന്ന് പൂനെയിലെ യാര്‍വാദ സെന്‍ട്രല്‍ ജയില്‍. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1993ലെ ബോംബെ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് ആയുധ ആക്ട് പ്രകാരം അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് സഞ്ജയ് ദത്ത് ജയിലിലായത്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്. അതേസമയം നല്ല പെരുമാറ്റമാണ് സഞ്ജയ് ദത്തിന്റേത് എന്ന് പറഞ്ഞാണ് ജയില്‍ അധികൃതര്‍ അദ്ദേഹത്തെ മോചിപ്പിച്ചത്. രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് യാര്‍വാദ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്ര പ്രിസണ്‍ മാന്വല്‍ ചട്ടങ്ങള്‍ പ്രകാരമാണ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ഇതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമില്ലെന്നും ജയില്‍ സൂപ്രണ്ട് പറയുന്നു. അതേസമയം സുപ്രീം കോടതി മുന്‍ ഉത്തരവ് അനുസരിച്ചാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് മാത്രമേ ദത്തിനെ മോചിപ്പിക്കാന്‍ പാടുള്ളായിരുന്നു എന്ന് പേരറിവാളന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. പേരറിവാളന്‍ അടക്കം രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേര്‍ക്ക് 2014 ഫെബ്രുവരി 18ന് സുപ്രീം കോടതി ശിക്ഷാ ഇളവ് നല്‍കിയിരുന്നു. ജീവപര്യന്തം തടവായി ഇവരുടെ ശിക്ഷ കുറയ്ക്കുകയാണ് ചെയ്തത്. 23 വര്‍ഷത്തിലധികം തടവ് ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് നല്‍കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 19ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരടക്കം ആറ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ സുപ്രീം കോടതി ഇത് സ്‌റ്റേ ചെയ്തു.

കേന്ദ്ര നിയമ പ്രകാരമുള്ള കേസില്‍, ആയുധ ആക്ട് പ്രകാരമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കുന്നത് കേന്ദ്രവുമായി ആലോചിച്ച് വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. 2015ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ശ്രീഹരന്‍ അലിയാസ് മുരുഗന്‍ ആന്‍ഡ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ വ്യക്തമാക്കി ആയുധ ആക്ടുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷാ ഇളവ് നല്‍കിയ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാണ് അവകാശം എന്നാണ്.

തന്റെ ഉദ്ദേശം സഞ്ജയ് ദത്തിനെ ജയിലിലേയ്ക്ക് തിരിച്ചയയ്ക്കുകയല്ല എന്നും ശ്രീഹരന്‍ മുരുഗന്‍ കേസിലെ സുപ്രീം കോടതി വിധി ഭേദഗതി ചെയ്യണം എന്ന ആവശ്യമുന്നയിക്കുകയാണ് എന്നും ദ ഹിന്ദുവിന് സ്വന്തം കൈപ്പടയിലെഴുതിയ കത്തില്‍ എജി പേരറിവാളന്‍ പറയുന്നു. നിലവില്‍ ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാളന്‍ അടക്കമുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍. തനിക്കും സഞ്ജയ് ദത്തിനും എതിരായ കേസുകള്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിലുള്ള കേന്ദ്രത്തിന്റെ വിവേചനമാണ് ഇതില്‍ കാണുന്നത് – പേരറിവാളന്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് കേസുകളും സിബിഐ അന്വേഷിച്ചതാണ്. സഞ്ജയ് ദത്തിന്റെ കേസില്‍ ടാഡ (ടെററിസ്റ്റ്‌സ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവീറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) ചുമത്തിയത് അംഗീകരിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ഇത് മാറ്റിയിരുന്നു. പേരറിവാളന്റെ കാര്യത്തില്‍ കേന്ദ്ര നിയമങ്ങളായ വയര്‍ലെസ് ടെലിഗ്രാഫി ആക്ട്, പാസ്‌പോര്‍ട്ട് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരുന്നു. ദത്തിന്റെ കേസില്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇളവ് നല്‍കാന്‍ അധികാരമെന്നും എന്നാല്‍ പേരറിവാളന്റെ കേസില്‍ കേന്ദ്ര നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും പേരറിവാളന്റെ അഭിഭാഷകന്‍ രാമസുബ്രഹ്മണ്യന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍