UPDATES

ശാന്തിവനം ചർച്ച പരാജയം; നാൽപ്പതിനായിരത്തോളം പേർക്ക് ഗുണം കിട്ടുന്ന പദ്ധതി ഉപേക്ഷിക്കുന്നതെങ്ങനെയെന്ന് മന്ത്രി എംഎം മണി

സമര സമിതി ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു

ജൈവ വൈവിധ്യ പ്രധാനമായ ശാന്തിവനത്തിലുടെ 100 കെ വി വൈദ്യുത ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിൽ ശാന്തിവനം ഉടമയും സമര സമിതി അംഗങ്ങളും വൈദ്യുത മന്ത്രിയുമായി നടത്തിയ ചർ‌ച്ച പരാജയപ്പെട്ടു. നിലവിലെ പണികൾ നിർത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിൽ നടത്തിയ ചർച്ച തീരുമാനം ആവാതെ പിരിഞ്ഞത്.

അതേസമയം, വൈദ്യുത ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ അറിയിക്കാൻ വൈകിയെന്ന് മന്ത്രി സമര സമിതിയെ അറിയിച്ചു. എന്നാൽ ഇപ്പോൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ശാന്തിവനത്തിലുടെയുള്ള അലൈൻമെന്റ് ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിൽ പ്രതിഷധം ശക്തമായതിന് പിറകെയാണ് വിഷയത്തിൽ സര്‍ക്കാർ നേരിട്ട് ഇടപെട്ടത്.

എന്നാൽ ഇപ്പോഴുള്ള പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് വ്യക്തമാക്കുകയാണ് വൈദ്യുതി മന്ത്രി. നാൽപതിനായിരത്തിലധികം പേർക്ക് ഗുണപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോൾ 30 കോടിയുടെ പദ്ധതിയാണ്, അതിപ്പോൾ നിർത്തിവയ്ക്കാൻ പറയാൻ എനിക്കാവില്ല. 20 വർഷം മുൻപ് പണിതുടങ്ങിയതാണ്. കോടതി ഉത്തരവും നിലവിലുണ്ട്. മന്ത്രി ഇടപെട്ട് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടാൽ കോടതിയിൽ താൻ ഉത്തരം പറയേണ്ടിവരും. ഞാൻ അവിടെ പോയി കണ്ടിട്ട് ഒന്നും ചെയ്യാനില്ല. 20 വർഷം മുൻപെ ചെയ്യേണ്ട കാര്യം ഇപ്പോൾ പറഞ്ഞിട്ട് ഇല്ല. സമരം പിൻവലിക്കാൻ ആവശ്യപ്പെട്ടില്ല, അത് അവർ ചെയ്യേണ്ട കാര്യമാണെന്നും എംഎം മണി പറയുന്നു. അലൈമെന്റ് മാറ്റണമെന്ന ജൈവ വൈവിധ്യ ബോർഡിന്റെ നോട്ടീസിന് കെഎസ്ഇബി മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കും.

ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നാണ് സംരക്ഷണ സമിതി ആവശ്യം. അല്ലാത്തപക്ഷം ഈ ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു.

ശാന്തിവനത്തില്‍ കെഎസ്ഇബി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് സംരക്ഷണ സമിതി പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോടതിവിധി പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈയൊരു സാഹചര്യം മാനിക്കാതെ ആണ് വിധി പകര്‍പ്പ് കയ്യില്‍ കിട്ടാന്‍ പോലും കാത്തുനില്‍ക്കാതെ കെഎസ്ഇബി ഏപ്രില്‍ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബിയുമായി പ്രവേശിക്കുകയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതെന്നു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

“ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍’”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍