UPDATES

മട്ടാഞ്ചേരിയിലെ അവസാന ജൂത വിശ്വാസി സാറ കോഹന്‍ അന്തരിച്ചു

ചരിത്രപ്രസിദ്ധമായ പരദേശി സിനഗോഗിന് സമീപമാണ് സാറ കോഹന്‍ താമസിച്ചിരുന്നത്.

കൊച്ചി മട്ടാഞ്ചേരിയിലെ അവസാന ജൂതയും കേരളത്തിലെ ഏറ്റവും പ്രായമുള്ള ജൂത വിശ്വാസിയുമായ സാറ ജേക്കബ് കോഹന്‍ അന്തരിച്ചു. 96 വയസായിരുന്നു. മട്ടാഞ്ചേരിയില്‍ എംബ്രോയ്ഡറി ഷോപ്പ് നടത്തി വരുകയായിരുന്നു സാറ കോഹന്‍. ചരിത്രപ്രസിദ്ധമായ പരദേശി സിനഗോഗിന് സമീപമാണ് സാറ കോഹന്‍ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം.

എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് സാറ കോഹന്‍ നിലത്ത് വീണിരുന്നു. എല്ലിന് ചെറിയ പൊട്ടലുണ്ടായി. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു ജാസ്മിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അല്‍പ്പം നാരങ്ങ വെള്ളം ആവശ്യപ്പെടുകയും അത് കുടിച്ച് അല്‍പ്പ സമയം കഴിഞ്ഞ് മരണം സംഭവിക്കുകയുമായിരുന്നു.

പള്ളുരുത്തിയിലെ ആശുപത്രിയിലാണ് സാറയുടെ മൃതദേഹമുള്ളത്. നാളെ ഉച്ചയോടെ സാറയുടെ സംസ്‌കാരം നടക്കും. ഭര്‍ത്താവ് ജേക്കബ് കോഹന്‍ 21 വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് മക്കളില്ല. ബന്ധുക്കളില്‍ ഭൂരിഭാഗവും ഇസ്രയേലിലേയ്ക്കും ഓസ്‌ട്രേലിയയിലേയ്ക്കും കുടിയേറി. ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നാട് വിട്ടിട്ടും ജന്മനാട് വിട്ടുപോകാന്‍ സാറ തയ്യാറായിരുന്നില്ല. ഈയടുത്ത കാലം വരെ ഹിബ്രുവിലെ ജൂത പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. ടൂറിസ്റ്റുകള്‍ അടക്കമുള്ളവരോട് കൊച്ചിയിലെ പരദേശി ജൂതരുടെ ചരിത്രവും കേരളത്തിലെ അതിന്റെ സംഭാവനകളെക്കുറിച്ചും പറയുന്നതില്‍ വലിയ താല്‍പര്യമാണ് സാറ കാണിച്ചിരുന്നത്.

‘വാഗ്ദത്ത ഭൂമിയില്‍ നിന്നും ജനിച്ച മണ്ണിലേക്ക് വീണ്ടും’; മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ 450 വര്‍ഷങ്ങള്‍-ഡോക്യുമെന്ററി

ഒരു കാലത്ത് മട്ടാഞ്ചേരിയില്‍ പ്രബലമായ സാന്നിധ്യമാണ് ജൂത സമുദായത്തിനുണ്ടായിരുന്നത്. എന്നാല്‍ 1948ല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതോടെ കൊച്ചിയിലെ ജൂതര്‍ അവിടേയ്ക്കുള്ള കുടിയേറ്റം തുടങ്ങി. 1970കളില്‍ മട്ടാഞ്ചേരിയിലെ മിക്കവാറും ജൂതര്‍ ഇസ്രയേലിലേയ്ക്ക് കുടിയേറിയിരുന്നു. സാറ കോഹനെ പോലെ അപൂര്‍വം ചിലര്‍ മാത്രമാണ് സ്വന്തം നാട്ടില്‍ തുടര്‍ന്നത്.

ALSO READ: ‘കൊച്ചിയിലെ പോലെ ഇസ്രായേലിലും സൈറണ്‍ മുഴങ്ങും, അത് പക്ഷേ യുദ്ധത്തിന്റെയാണ്, ഞങ്ങള്‍ ഇവിടം അത്രത്തോളം മിസ്‌ ചെയ്യുന്നുണ്ട്’; ജൂതര്‍ മടങ്ങിയെത്തുമ്പോള്‍

ALSO READ: കൊച്ചിയിലെ പരദേശി ജൂതരുടെ അവസാന തലമുറ

വാഗ്ദത്ത ഭൂമിയില്‍ നിന്നും ജൂതര്‍ ജനിച്ച മണ്ണിലേക്ക് വീണ്ടും / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍