എൻജി ഒ സംസ്ഥാന ജില്ലാ നേതാക്കളായളാണ് കീഴടങ്ങിയത്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ തിരുവനന്തപുരത്തെ എസ് ബി ഐ ട്രഷറി ശാഖയിൽ അക്രമം നടത്തിയ സംഭവത്തിൽ പ്രതികൾ കീഴടങ്ങി. എൻജി ഒ സംസ്ഥാന ജില്ലാ നേതാക്കളായ 6പേരാണ് കീഴടങ്ങിയത്.
ശ്രീവൽസൻ, അനിൽകുമാർ, ബിജുരാജ്, വിനുകുമാർ, സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. കേസിൽ പ്രതിചേർക്കപ്പെട്ട അജയകുമാർ സംഘത്തിലുണ്ടായിരുന്നില്ലെന്നും പ്രതികൾ അറിയിച്ചതായാണ് വിവരം. രാത്രി 9-30 ഓടെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെത്തിയായിരുന്നു പ്രതികളുടെ കീഴടങ്ങൽ. എന്നാൽ ഒരാൾ ഇപ്പോഴും ഒളിവിലാണ്.
ബാങ്ക് ആക്രമണക്കേസ് പ്രതിളെ കണ്ടെത്താൻ പോലീസ് നടപടികൾ കർശനമാക്കിയതിന് പിറകെയാണ് കീഴടങ്ങല്‍. പ്രതികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു പൊലീസ് നിര്‍ദ്ദേശം. പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ വിവരമറിയിക്കണമെന്നും പോലീസ് വിവിധ വകുപ്പ് മേധാവിമാർക്കും കഴിഞ്ഞ ദിവസം നിർദേശം നൽകി. നീക്കം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു. കമ്പ്യൂട്ടർ, ലാന്റ്ഫോൺ, മൊബെൽ ഫോൺ, ടേബിൾ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.