UPDATES

സിനിമാ വാര്‍ത്തകള്‍

കുറച്ചു സിനിമകളിൽ അഭിനയിച്ചാൽ നേതാവാകില്ല; രജനീകാന്തിനെ ‘തലൈവർ’ എന്ന് വിളിക്കുന്നവരെ കൊല്ലണം: സീമാൻ

രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കാനാവുമോയെന്നും സീമാൻ ചോദിക്കുന്നു

ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കൾ, സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്നു വിളിച്ചാൽമതിയെന്നും നാം തമിഴർ കക്ഷി നേതാവും സംവിധായകനും നടനുമായ സീമാൻ. നടൻ രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല, ഇത്തരക്കാരെ കൊന്നു കളയുകയാണ് നല്ലതെന്നും സീമാൻ പറയുന്നു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന മിക മിക അവസരം എന്ന ചിത്രത്തിന്റെ ‘ടീസർ’ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിത്തിരയിൽ മാത്രമാണ് നടന്‍മാർ നേതാവാകുന്നത്. ടെലിവിഷൻ ചാനലിൽപ്പോലും പലരും തലൈവർ (നേതാവ്) എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. എന്താണ് അതിന് പിന്നിലെ കാരണമെന്ന് മനസിലാവുന്നില്ല. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കാനാവുമോയെന്നും സീമാൻ ചോദിക്കുന്നു. തലൈവരെന്ന് വിളിച്ചുകൊണ്ടു രജനിക്ക് പിറകെ നടക്കുന്നവരെ കൊല്ലുകയാണു വേണ്ടത്. അല്ലെങ്കിൽ സ്വയം അവർ മരിക്കണമെന്നും സീമാൻ പറയുന്നു. തമിഴനല്ലെന്നു ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ എതിർക്കുന്നയാളാണ് സീമാൻ.

കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴക രാഷ്ട്രീയത്തിലേക്കു കടന്നുവരേണ്ടെന്ന് നേരത്തെ തന്നെ നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍നിന്നു മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്നു തുറന്നടിച്ചു. പച്ച തമിഴനാണെന്നു സ്വയം പറഞ്ഞാല്‍ തമിഴനാകില്ല. കര്‍ണാടകക്കാരും മലയാളികളും ആന്ധ്രക്കാരും കുറേക്കാലം തങ്ങളെ ഭരിച്ചു. ഇനി അത് അനുവദിക്കില്ലെന്നമായിരുന്നു സീമാന്‍ നടത്തിയ പ്രതികരണം.

നേരത്തെ ശബരിമയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ കുറിച്ച് സീമാൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരെ പരിഹസിക്കുന്നതും വിമർശിക്കുന്നതുമായിരുന്നു പ്രസംഗം. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നിയമിച്ചത് ബി.ജെ.പി സർക്കാർ. ഇപ്പോൾ ഇതുമായി ബന്ധപ്പെടുത്തി ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇതേ ബി.ജെ.പി അടങ്ങിയ സംഘപരിവാർ സംഘടനകളാണെന്നായിരുന്നു സീമാന്റെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍