UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വേദനയില്ലാത്ത ലോകത്തേക്ക്’; ഏഴ് വയസുകാരന്‍ ഇനി ഓർമ്മ മാത്രം

കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്.

അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ഏഴ് വയസുകാരന്‍റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രിയോടെ തൊടുപുഴയിലെ അമ്മയുടെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നിരുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്.

മൃതദേഹം ഉടുമ്പന്നുരിൽ എത്തിക്കുന്ന് വൈകുന്നേരം വരെ ഒരു അറിയിപ്പും ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ, മൃതദേഹം ഉടുമ്പന്നൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതോടെ ഈ വീട്ടിലേക്കു ജനപ്രവാഹമായി. ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി മരിച്ച കുട്ടിയുടെ ഇളയ അനിയനെയും കൂട്ടി നേരത്തേ വീട്ടിലെത്തി. ആദ്യം വീട്ടിനുള്ളിൽ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി. പിന്നീട് വീടിന് പുറത്ത് പൊതുദർശനം. നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ശേഷം ഒൻപതരയോടെ വീടിനോടു ചേർന്നുള്ള പറമ്പിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.

ഇന്നലെ രാവിലെ 11-30 ഓടെയാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി മരണത്തിന് കീഴടങ്ങിയത്. രാവിലെ മുതൽ കുട്ടിയുടെ ആരോഗ്യ നില ആശങ്കാജനകമായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറയുന്നു. വെന്റിലേറ്ററിൽ തുടരുമ്പോഴായിരുന്നു മരണമെന്നും ഡോക്ടർമാർ പറയുന്നു.

മരണ വിവരം പതിനൊന്നരയോടെ ഔദ്യോഗികകമായി പുറത്തു വിട്ടെങ്കിലും ഇന്‍ക്വിസ്റ്റ്‌ തയ്യാറാക്കി കുഞ്ഞിന്റെ മൃതശരീരം പുറത്തു കൊണ്ടുവരുന്നത് വൈകിട്ട് മൂന്നരയോടെയായിരുന്നു. അതുവരെ എല്ലാവരും കാത്തിരുന്നു. ഈ സമയം കൊണ്ട് നൂറുകണക്കിന് പേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. സമാനതകളില്ലാത്ത വേദനകൾ ഏറ്റുവാങ്ങിയാണ് ആ ഏഴു വയസുകാരൻ ജീവിതത്തോട് വിടപറഞ്ഞത്. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി പത്ത് ദിവസത്തോളമാണ് കടുത്ത വേദന സഹിച്ച് ആ കുഞ്ഞ് ‍ജീവന് വേണ്ടിമല്ലടിച്ചത്. അവസാനം ഇന്ന് ഏഴുവയസുകാരൻ മരണമടഞ്ഞപ്പോൾ മനസാക്ഷിയുള്ള മലയാളിയുടെ മനസിൽ വിങ്ങലായി ആ പിഞ്ച് കുഞ്ഞ് മാറി.

മാർച്ച് 28 ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടുയുടെ അമ്മയും പ്രതി അരുൺ ആനന്ദും ഏഴുവയസുകാരനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസകൾക്കായി കോലഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ജീവന് വേണ്ടി മല്ലടിച്ച് പത്ത് ദിവസം കുട്ടിയെ നേരത്തെ ആശുപത്രിയിൽ എത്തിക്കാനായിരുന്നെങ്കിൽ മെച്ചപ്പെട്ട ചികിൽസ നൽകാൻ സാധിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍