UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ സഹോദരനാണ്; വൃക്കകൾ തകരാറിലായ കെ.എസ്.യു നേതാവിന് സഹായ ഹസ്തവുമായി എസ്എഫ്‌ഐ

കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചത്.

ആശയ പോരാട്ടത്തിൽ ഇരു ദ്രുവങ്ങളിലാണ് വിദ്യാർത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെ എസ് യുവും. എന്നാൽ ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കൈകോർക്കുകയാണ് ഇരു സംഘടനകളും. സഹായ ധനം സമാഹിരുക്കുന്നതുൾപ്പെടെ കെഎസ്‌യുക്കാര്‍ക്കൊപ്പം ഇതിനുള്ള സജീവ ശ്രമത്തിലാണ് എസ്എഫ്‌ഐയും. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയിലേക്ക് ഉയരുകയാണ് വിദ്യാർത്ഥി രാഷ്ട്രീയം.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചത്. വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധത അറിയിച്ചെത്തിയതും മുന്‍ എസ്എഫ്‌ഐ നേതാവായിരുന്നു.

കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാനാണ് റാഫിക്കു തന്റെ വൃക്ക നല്‍കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. ഷാനവാസിന് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ശസ്ത്രക്രിയക്കും ചികിൽസയ്ക്കുമായുള്ള പണം കണ്ടെത്താൻ ഫെയ്‌സ്ബുക്കിലെ അഭ്യര്‍ഥനയുമായി എസ്എഫ്ഐ മുന്നിട്ടിറങ്ങിയത്. ഇതിന് പുറമെ നേരിട്ടു പണം കണ്ടെത്താനും ശ്രമങ്ങളും തുടങ്ങിയെന്ന് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്‌ലാല്‍ പറയുന്നു.‌‌

വാടകവീട്ടിൽ താമസിക്കുന്ന റാഫിയുടെയും കുടുബത്തിന്റെയും ആകെ വരുമാനം വീട്ടുജോലിക്കു പോകുന്ന ഉമ്മ റയിഹാനത്തിന്റേതാണ്. ഈ സാഹചര്യത്തിലാണ് സഹപ്രവർത്തനായി രാഷ്ട്രീയം മറന്ന് വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ചത്.

 

നിപ്പ ബാധയ്ക്ക് ഒരാണ്ട് തികയുമ്പോള്‍ പേരാമ്പ്രയിലെ സൂപ്പിക്കട വീണ്ടും വാര്‍ത്തയില്‍; ഒരു മക്ബറയുടെ പേരില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍