UPDATES

ഷീല ദീക്ഷിത് അരവിന്ദ് കെജ്രിവാളിനെ കണ്ടു

എഎപിയുമായി സഖ്യമുണ്ടാക്കുന്നതിന് എതിരെ ഏറ്റവും ശക്തമായി എതിര്‍ത്തത് ഷീല ദീക്ഷിത് ആയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ഷീല ദീക്ഷിത് സന്ദര്‍ശിച്ചു. ലോക് സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നതിന് ശേഷമാണ് ഇരു നേതാക്കളുടേയു കൂടിക്കാഴ്ച. ബിജെപി ഏഴ് സീറ്റുകളും തൂത്തുവാരിയിരുന്നു. ബിജെപിക്കെതിരെ സഖ്യം സാധ്യമാകാതെ പോയതില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പരസ്പരം പഴി ചാരുകയാണ് ചെയ്തത്. കെജ്രിവാളും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. എഎപിയുമായി സഖ്യമുണ്ടാക്കുന്നതിന് എതിരെ ഏറ്റവും ശക്തമായി എതിര്‍ത്തത് ഷീല ദീക്ഷിത് ആയിരുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഡല്‍ഹി പിസിസി നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ ഷീല ദീക്ഷിത് ചിരവൈരിയായ കെജ്രിവാളിനെ കണ്ടത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ കെജ്രിവാള്‍ പരാജയപ്പെടുത്തുകയും 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ഇലക്ട്രിക് മീറ്ററുമായി ബന്ധപ്പെട്ട പരാതി അറിയിക്കാനാണ് ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം മുഖ്യമന്ത്രി കെജ്രിവാളിനെ കണ്ടത്. വാടക മുറികളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക മീറ്ററുകള്‍ ഏര്‍പ്പെടുത്തി, ഡല്‍ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇത് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളെ സഹായിക്കാനാണ് എന്നാണ് ആരോപണം. അടുത്ത ആറ് മാസത്തേയ്ക്ക് വൈദ്യുതി ബില്‍ ഒഴിവാക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 2013ല്‍ വൈദ്യുതി നിരക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാനായി അരവിന്ദ് കെജ്രിവാള്‍ ഷീല ദീക്ഷിതിനെ കാണാന്‍ സമയം ചോദിച്ചപ്പോള്‍ ഷീല കാണാന്‍ അനുവദിച്ചില്ലെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

നിയസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലും മെട്രോ ട്രെയിനുകളിലും കെജ്രിവാള്‍ സര്‍ക്കാര്‍ യാത്ര സൗജന്യമാക്കിയിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോട് ഷീല ദീക്ഷിത് ആവശ്യപ്പെട്ടിരിക്കുന്നത് മൂന്ന് സാധ്യത സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദ്ദേശിക്കാനാണ്. ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണം എന്നും പറയുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീകളായിരിക്കും എന്ന സൂചന നല്‍കുന്നുണ്ട്് ഷീല ദീക്ഷിത്.

എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെ ഏറ്റവും ശക്തമായി എതിര്‍ത്തത് ഷീല ദീക്ഷിതും മുന്‍ പിസിസി പ്രസിഡന്റ് അജയ് മാക്കനുമാണ്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ അടക്കമുള്ളവര്‍ സഖ്യത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. ഏഴില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് എഎപി വാഗ്ദാനം ചെയ്തു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ഇതിന് തയ്യാറായെങ്കിലും ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണം എന്ന നിലപാടില്‍ എഎപി ഉറച്ച് നിന്നതോടെ സഖ്യ സാധ്യതകള്‍ അടയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍