റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശ്രീറാം വെങ്കിട്ടരാമൻ ജാമ്യം നേടുന്നതിനുള്ള നടപടികളും തുടങ്ങി
മദ്യപിച്ച് കാറോടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിട്ടും ഇതു വരെ സസ്പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയരുന്നു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ വൈകീട്ടോടെയാണ് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരം ഗുരുതര വകുപ്പ് ചുമത്തി നിയമ നടപടി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥരെ 48 മണിക്കൂറിനടകം സസ്പെൻഡ് ചെയ്യണമെന്നാണ് ചട്ടമെന്നിരിക്കെ ഇത്രയും വിവാദമായ കേസിൽ നടപടി വെകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. എന്നാൽ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സംബന്ധിച്ച് നാളെ തീരുമാനമുണ്ടായേക്കും. റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേസിന്റെ വിശദാശംങ്ങൾ സിറ്റി പൊലീസ് കമ്മീഷണർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടായി കൈമാറും. ഇന്നലെ അര്‍ധരാത്രിയില്‍ റിമാന്‍ഡിലായ ശ്രീറാം പൊലീസ് കാവലില്‍ സ്വകാര്യാശുപത്രിയില്‍ തുടരുകയാണ്.അമിതവേഗതയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് വ്യക്തമാക്കുന്നു.
അതിനിടെ, ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അപകട സമയത്ത് മദ്യപിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് സുപ്രധാന തെളിവായി പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിലയിരിത്തുന്നത്.
14 ദിവസത്തെ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ശ്രീറാം വെങ്കിട്ടരാമൻ ജാമ്യം നേടുന്നതിനുള്ള നടപടികളും തുടങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ശ്രീറാമിന് കാര്യമായ പരിക്കില്ലെങ്കിലും ആശുപത്രിയില്‍ ചികില്‍സ തുടരണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയില്‍ തന്നെ തുടരാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത്. ആശുപത്രിയില്‍ ശ്രീറാമിന് പൊലീസ് കാവലുണ്ട്. റിമാന്‍ഡ് വിവരങ്ങള്‍ പൊലീസ് ജയിലില്‍ ജയിലില്‍ അറിച്ചു. ആശുപത്രിവിട്ടാല്‍ ശ്രീറാമിനെ സബ്ജയിലിലെക്കെ മാറ്റും. സ്വകാര്യ ആശുപത്രിയിൽ തുടർന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജില്ലാ സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലേ ജാമ്യാപേക്ഷ സമർപ്പിക്കും.
വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് തെളിയിക്കുന്നതിന് വാഹനത്തിൽ നിന്നും ഫിംഗർപ്രിന്റുകൾ ശേഖരിച്ചെങ്കിലും ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കയ്യിൽ പ്ലാസ്റ്ററും ഡ്രിപ്പ് സ്ട്രിപ്പുകളും ഉള്ളതിനാൽ ഡോക്ടർമാരുടെ അനുമതി ലഭിക്കാത്തതാണ് നടപടികൾ വൈകാൻ ഇടയാക്കിയത്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെതിരായ പൊലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബം രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരൻ അബ്ദുൾ റഹ്‍മാൻ പറയന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സഹോദരന്റെ പ്രതികരണം.
പുലർച്ചെ നാല് മണിക്കാണ് ബഷീറിന്റെ അപകട വിവരം അറിയുന്നത്. തങ്ങളോട് തിരുവനന്തപുരത്തേക്ക് വരേണ്ടെന്നും നമ്മളെല്ലാെം നോക്കി കൊള്ളാമെന്നും പറഞ്ഞ് സെയ്ഫുദ്ദിൽ ഹാജി എന്നയാൾ വിളിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ തുടക്കം മുതൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും സഹോദരൻ ആരോപിച്ചു. സംസ്ഥാനത്തെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും സ്വധീനമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പ സഹോദരൻ സാക്ഷികൾ മൊഴി മാറ്റി പറയാൻ സാധ്യതയുണ്ടെന്നും പോലീസ് തുടക്കം മുതൽ ഒത്തുകളിച്ചതായി സംശയിക്കുന്നതായും വ്യക്തമാക്കുന്നു.
അതിനിടെ, മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. ഇക്കാര്യം വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. കേസിൽ ശ്രീറാമിന് പുറമെ സുഹൃത്ത് വഫാ ഫിറോസിനെതിരെയും നടപടി ഉണ്ടായേക്കും. ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു. വഫ ഫിറോസിനെതിരെയും കേസെടുത്തിരുന്നു. അപകരമായ രീതിയിൽ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. കൂളിംഗ് ഫിലിം ഒട്ടിച്ച് ചില്ലുകൾ മറച്ചതിനും തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയതിനും കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കും.
അപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരിൽ നടന്നു. കുടുംബ വീടിന് അടുത്ത് പുലർച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?