UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ സ്ത്രീപ്രവേശനം പിണറായിയുടെ ബുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല: വെള്ളാപ്പള്ളി

ശബരിമലയുടെ പേരിൽ ബിജെപി നേട്ടമുണ്ടാക്കും. അപ്പോഴും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, പക്ഷേ കോൺഗ്രസിനെ കാത്തിരിക്കുന്നത് സർവനാശമാണ്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ സവർണാധിപത്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
15 ശതമാനത്തോളം വരുന്ന സവര്‍ണർ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കുകയാണ്. ദേവസ്വം ബോർഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങളിലും സവർണ്ണാധിപത്യമാണ്.  സവര്‍ണ ലോബികള്‍ തീരുമാനമെടുക്കുന്നു. പിന്നീട് എല്ലാവരെയും ചേർത്ത് നാമജപത്തിനിറങ്ങുകയാണ് ചെയ്യുന്നത്. കുറച്ച്‌ പേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ബാക്കിവരുന്ന അടിയാളന്‍മാരും ആണെന്ന നിലപാട് ശരിയല്ല. തമ്പ്രാക്കൻമാരെന്ന് സ്വയം കരുതുന്നവർ ആണ് സമരത്തിന് പിന്നിൽ. അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പള്ളി പറയന്നു.

ഇപ്പോഴും താഴ്ന്ന ജാതിക്കാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അതിലൊന്നും ഇത്തരക്കാർ ഇടപെടലുകള്‍ നടത്തുന്നില്ല. ഒരു രാജാവും തന്ത്രിയും ചങ്ങനാശേരിക്കാരനുമാണ് തീരുമാനമെടുക്കുന്നത്. നായാടി തൊട്ട് നമ്പൂതിരി വരെയുള്ള കൂട്ടായ്മക്കായി താൻ വാദിച്ചപ്പോൾ അന്ന് മാറി നിന്നവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്നു. ഒരു സെന്‍കുമാറിനേയും ഒരു ബാബുവിനേയും കാണിച്ച് കൗശല ബുദ്ധി നടത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളയുടെ ആരോപണം.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് കേരള സർക്കാർ ചെയ്തത്. കോൺഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാടില്ല. പക്ഷേ ഇനിയുള്ള സമയത്ത് ശബരിമലയുടെ പേരിൽ ബിജെപി നേട്ടമുണ്ടാക്കും. അപ്പോഴും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, പക്ഷേ കോൺഗ്രസിനെ കാത്തിരിക്കുന്നത് സർവനാശമാണ്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതി വിധി ലംഘിച്ചെന്ന് പറഞ്ഞ് സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇവർ തന്നെ രംഗത്തെത്തുമായിരുന്നു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്.

വനിതാ മതില്‍ ഗംഭീരമായിരുന്നു. അതിന് ശേഷം സ്ത്രീപ്രവേശനം നടന്നപ്പോള്‍ എതിർ‌ക്കാൻ താൻ മടികാണിച്ചിട്ടില്ല. പിണറായിയുടെ ബുദ്ധിയിലാണ് സ്ത്രീപ്രവേശനം നടന്നതെന്ന് വിശ്വസിക്കില്ല. മറ്റാരുടേയോ ബുദ്ധി ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്ന് സ്വയം തീരുമാനിക്കേണ്ടതാണ്. എന്നാൽ അതിന്റെ പേരിൽ ഉണ്ടാവുന്ന കലഹങ്ങൾ സവർണരുടെ പ്രശ്നമാണ്. അതിന്‍റെ പേരിൽ സമുദായത്തിൽ നിന്നാരും കലഹത്തിനിറങ്ങരുത്. സമുദായത്തിന് അതിനേക്കാൾ വലിയ പ്രശ്നങ്ങളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍