UPDATES

വിദേശം

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ആവിഷ്കാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങളില്ലെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു.

290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പ്രസിഡന്റിന്റെ വാർത്താ വിനിമയ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ ആവിഷ്കാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങളില്ലെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്നും അറിയിപ്പ് പറയുന്നു. രാജ്യത്ത് നിലവിൽ നിലവിൽ തുടരുന്ന കർഫ്യു ഇന്ന് രാത്രി 8.00 മണിവരെ തുടരും. ശ്രീലങ്കയിൽ ആക്രമണം നടന്നതിന് പിറകെ ആയിരിന്നു കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു. അതേസമയം, ആക്രമണങ്ങളിൽ ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്.

ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉൾപ്പെടെ നടന്ന സ്ഫോടനങ്ങളിൽ 290 പേർ മരിച്ചതിന് പുറമെ 450 ലധികം പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ‌ മുപ്പതോളം പേർ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യൻ പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അഞ്ചു പേർ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കൻ പൗരയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കൻ പൗരന്മാരാണ്. ഒരു ചൈനീസ് പൗരൻ, ഒരു പോർച്ചുഗീസ് പൗരൻ, രണ്ട് തുർക്കിക്കാർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങൾ. കൊല്ലപ്പട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ പേരുകൾ ഇന്ത്യ സ്ഥിരീകരിച്ചു.

കൊളംബോ എയർപോർട്ടിനടുത്ത് ഒരു സ്ഫോടകവസ്തു നിർവ്വീര്യമാക്കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് ഇത് നിർവ്വീര്യമാക്കിയത്. ശ്രീലങ്കയിലെ ആക്രമണങ്ങൾക്ക് പിറകിൽ ആക്രമണങ്ങൾ ഭൂരിപക്ഷവും ചാവേറുകൾ നടത്തിയതാണെന്നാണ് വ്യക്തമായിട്ടുണ്ട്. തുടർ സ്ഫോടനങ്ങളിൽ‌ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളിൽ എട്ട് തുടർ സ്ഫോടനങ്ങളാണ് കൊളംബോയിൽ നടന്നത്. തെക്കൻ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സ്ഫോടനം. അവസാനത്തെ രണ്ട് സ്ഫോടനങ്ങൾ പൊലീസിനെ കണ്ട് അക്രമികൾ ഓടുന്ന ഘട്ടത്തിൽ നടത്തിയതാണെന്ന് ഒരു ശ്രീലങ്കൻ മന്ത്രിയായ ഹർഷ ഡി സിൽവ പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍