UPDATES

ട്രെന്‍ഡിങ്ങ്

മദ്യപിച്ചെങ്കിൽ അതിനുള്ള തെളിവ് എവിടെ? പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം, ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരത്ത് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുതെറിപ്പിച്ച് മരണത്തിനിടയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടി വരാതെയാണ് റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു എന്ന് എങ്ങനെ മനസിലായി എന്ന് കോടതി ചോദിച്ചിരുന്നു. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ ആണ് ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെ അമിത വേഗതയില്‍ വന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മരണപ്പെട്ടത്. മദ്യപിച്ചാണോ വാഹനമോടിച്ചത് എന്ന് വ്യക്തമാക്കുന്നതിനായി, ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഒമ്പത് മണിക്കൂര്‍ വൈകിയതടക്കം ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി എന്ന ആരോപണം തുടക്കം മുതല്‍ ശക്തമാണ്.

ALSO READ: EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയറിലാണ് നിലവില്‍ ശ്രീറാം. ചെറിയ പരിക്ക് മാത്രമാണ് അപകടത്തിന്റെ ഭാഗമായി ശ്രീറാമിനുണ്ടായിരുന്നത്. മാനസിക സമ്മര്‍ദ്ദമുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ശ്രീറാം ആദ്യം ചികിത്സയിലുണ്ടായിരുന്ന കിംസ് ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലും ഡോക്ടര്‍മാര്‍ തുടരുന്ന മൗനം ദുരൂഹമാണ്.

പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നാണ് ശ്രീറാമിനെതിരേ പറയുന്നത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് കോടതി പൊലീസിനോട് തിരിച്ചു ചോദിച്ചിരിക്കുന്നത്. രക്തപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറിയും ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂട്ടുപ്രതിയായ വഫ ഫിറോസിന്റെ രഹസ്യ മൊഴി ചോര്‍ന്നതിലും കോടതി പൊലീസിനെ വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോരരുതെന്ന് നിര്‍ദ്ദേശിച്ചാണ് വഫയുടെ രഹസ്യ മൊഴി കൈമാറിയതെന്നും ഇത് മൊഴി എങ്ങനെ ചേര്‍ന്നുവെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡി ആവശ്യം തള്ളിയത്.

ശ്രീറാമിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ ശ്രീറാമിനെതിരെ മാധ്യമ രാഷ്ട്രീയ വിചാരണ നടക്കുകയാണെന്നാണ് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ആരോപിച്ചത്. അപകടത്തില്‍ ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തിന് സാധുത നല്‍കുന്നതാണ് ശ്രീറാമിന്റെ രക്തപരിശോധന റിപ്പോര്‍ട്ട്.

തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നടത്തിയ രക്തപരിശോധന റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഈ റിപ്പോര്‍ട്ട് ഇന്നലെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതും ഈ റിപ്പോര്‍ട്ട് ആണ്. ‘മദ്യപിച്ച് അപകടരമായും സാഹസികമായും അമിതവേഗതയിലും വാഹനമോടിച്ചാല്‍ അപകടമുണ്ടായി മരണം സംഭവിക്കാന്‍ ഇടയാകുമെന്ന് അറിയാവുന്ന പ്രതി’ എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് തന്നെ ഈയൊരു കാരണം കൊണ്ട് കോടതിക്ക് തള്ളിക്കളയാനും കഴിയും.

രക്തത്തില്‍ ഇത്രയളവില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരിക്കണമെന്ന് ഇത്തരം കേസുകളില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. അപകട സമയത്ത് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയാണ് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പറയാന്‍ ഉള്ള ഒരു തെളിവ്. വേറെ രണ്ടു സാക്ഷികള്‍ കൂടി ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ അപകടം നേരില്‍ കണ്ടവരോ അപകട സമയത്ത് ശ്രീറാമായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നു കണ്ടവരോ അല്ല. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കേസില്‍ കൂട്ടിപ്രതിയാക്കിയിരിക്കുന്നതുകൊണ്ട് അവരുടെ മൊഴി എത്രമാത്രം കേസിന് അനുകൂലമാകുമെന്നും സംശയമുണ്ട്. മാത്രമല്ല, മദ്യത്തിന്റെ മണം ശ്രീറാമിന് ഉണ്ടായിരുന്നുവെന്നു മാത്രമാണ് അവര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നതും. അമിതമായി മദ്യപിച്ചിരുന്നുവെന്നോ വാഹനം ഓടിക്കാന്‍ കഴിയാത്തവിധം ലഹരിയില്‍ ആയിരുന്നുവെന്നോ പറയുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍