UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യക്ക് ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപ

കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും. ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷവും രണ്ട് മക്കള്‍ക്ക് രണ്ട് ലക്ഷവും എന്നിങ്ങനെയാണ് നല്‍കുന്നത്.

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യക്ക് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും. ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷവും രണ്ട് മക്കള്‍ക്ക് രണ്ട് ലക്ഷവും എന്നിങ്ങനെയാണ് നല്‍കുന്നത്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്ന കെ മുഹമ്മദ് ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ കാറോടിച്ച് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇരിക്കുകയായിരുന്ന ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബഷീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശ്രീറാം വെങ്കിരാമന്‍ മദ്യലഹരിയിലായിരുന്നു എന്ന് അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മദ്യപിച്ചിട്ടില്ല എന്നാണ് ശ്രീറാമിന്റെ വാദം. ശ്രീറാമിന്റെ രക്തപരിശോധന ഒമ്പത് മണിക്കൂര്‍ വൈകിച്ചതടക്കം കേസില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചതായി ആരോപണമുയര്‍ന്നു.

മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന് തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. തിരുവനന്തപുരം സിജെഎം കോടതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കുകയും ഹൈക്കോടതി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. രൂക്ഷവിമര്‍ശനമാണ് സിജെഎം കോടതിയും ഹൈക്കോടതിയും പൊലീസിനെതിരെ ഉന്നയിച്ചത്. മദ്യപിച്ചു എന്ന് ശ്രീറാമാണോ തെളിയിക്കേണ്ടത് എന്ന് കോടി ചോദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന കാറിന്റെ ഉടമയായ സുഹൃത്ത് വഫ ഫിറോസ് പറഞ്ഞത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്ക് അറിയില്ല എന്നാണ്.

ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുമതി നല്‍കിയതടക്കം നിരവധി പരാതികള്‍ പൊലീസിന്റെ സമീപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെ ശ്രീറാമിനെ റെട്രോഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമാണെന്നും നടന്നതൊന്നും ഓര്‍മ്മയില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതേസമയം വാഹനമോടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ല എന്നുമാണ് ശ്രീറാം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍