UPDATES

ട്രെന്‍ഡിങ്ങ്

സ്റ്റേഡിയം മാത്രമാണ് അരുണ്‍ ജയ്റ്റ്‌ലിയാവുക, ഗ്രൗണ്ട് ഫിറോസ് ഷാ കോട്‌ല തന്നെ: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍

1999 – 2013 കാലത്ത് ജയ്റ്റ്ലി പ്രസിഡന്റായിരുന്ന സമയത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുതുക്കി പണിതത്.

സ്റ്റേഡിയം മാത്രമാണ് അരുണ്‍ ജയ്റ്റ്‌ലിയാവുക, ഗ്രൗണ്ടിന്റെ പേര് ഫിറോസ് ഷാ കോട്ല എന്ന് തന്നെയായിരിക്കും – ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) മുന്‍ പ്രസിഡന്റുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ പേര് നല്‍കിയത് സംബന്ധിച്ചാണ് ഡിഡിസിഎയുടെ വിശദീകരണം.

1999 – 2013 കാലത്ത് ജയ്റ്റ്ലി പ്രസിഡന്റായിരുന്ന സമയത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുതുക്കി പണിതത്. സ്‌റ്റേഡിയത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡ്രസ്സിംഗ് മുറികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാക്കി. അരുണ്‍ ജയ്റ്റ്‌ലിടുള്ള ആദരവ് നിലനിര്‍ത്താനാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

1351-88 കാലത്ത് ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്രക്കിന്റെ സ്മരണക്കായാണ് സ്‌റ്റേഡിയത്തിന് ഫിറോസ് ഷാ കോട്‌ല എന്ന് പേര് നല്‍കിയത്. ഫിറോസ് ഷാ നിര്‍മ്മിച്ച കോട്ടയുടെ പേരായിരുന്നു ഫിറോസ് ഷാ കോട്‌ല. ന്യൂഡല്‍ഹിയിലെ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലാണ് വിഖ്യാതമായ ഫിറോസ് ഷാ കോട്‌ല. 1948ലാണ് ഇന്ത്യ ഇവിടെ ആദ്യ ടെസ്റ്റ് കളിച്ചത് – വെസ്റ്റ് ഇന്‍ഡീസുമായി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബയ് വാംഖഡെയും ബ്രാബോണും ചെന്നൈ ചെപ്പോക്കും ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയവുമെല്ലാം പോലെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയവും ഗ്രൗണ്ടുമാണ് ഇത്. പാകിസ്താനെതിരെ അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനമടക്കം നടന്നത് ഫിറോസ് ഷാ കോട്‌ലയിലാണ്.

സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ് കോട്ലയിലെ ഒരു സ്റ്റാന്‍ഡ്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കും.

ജയ്റ്റ്‌ലി പ്രസിഡന്റായിരിക്കെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുകയും ജയ്റ്റ്‌ലി കെജ്രിവാള്‍ അടക്കമുള്ള ആം ആദ്മി നേതാക്കള്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കെജ്രിവാള്‍ അടക്കമുള്ളവര്‍ ജയ്റ്റ്‌ലിയോട് മാപ്പ് പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍