UPDATES

ട്രെന്‍ഡിങ്ങ്

‘നക്‌സല്‍ ദിനങ്ങള്‍’ കൈവശം വച്ച വിദ്യാര്‍ത്ഥിനിക്ക് പോലീസ് കസ്റ്റഡി; വ്യാപക പ്രതിഷേധം, പുസ്തകങ്ങളെ പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണമെന്ന് എഴുത്തുകാരന്‍

രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ചുള്ള കരുതൽ തടങ്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.

പുസ്തകം കൈവശം വെച്ചതിന് വയനാട് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജിലെ ഒന്നാം വര്‍ഷ മാധ്യമ വിദ്യാര്‍ത്ഥിനി ഷബാന ജാസ്മിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ വ്യാപക വിമർശനം. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു നടപടി. സുഹൃത്തിനെ കാണുന്നതിനായി കല്‍പ്പറ്റയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷബാനയെ ആര്‍.കെ ബിജുരാജിന്റെ ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെരിഫിക്കേഷന് വേണ്ടി കൊണ്ടുപോകുയാണെന്നായിരുന്നു ഷബാനയോട് പൊലീസ് പറഞ്ഞത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചതിന് ശേഷമാണ് വിട്ടയച്ചത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ചുള്ള കരുതൽ തടങ്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.

അതേസമയം, പുസ്തകം കൈവശം വച്ചതിന് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ദിനു എന്ന യുവ സാമൂഹ്യ പ്രവർത്തകനെ അകാരണമായി മണിക്കൂറുകളോളം തടഞ്ഞുവച്ച് അപമാനിച്ച സംഭവത്തിന് പിറകെയാണ് പുതിയ സംഭവം എന്നതും പ്രതിഷേധം വ്യാപകമാക്കി. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ അദ്ദേഹം പ്രധാനമന്ത്രിയെങ്ങാനുമായാൽ കേരള പോലീസ് എന്തുതന്നെ ചെയ്യുകയില്ല എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും, ഇത് മനുഷ്യാവകാശ പ്രവർത്തകരെ ആശങ്കയിലാക്കുന്നതാണെന്നുമാണ് സാമൂഹികമാധ്യങ്ങളിലെ വിമർശനങ്ങളുടെ അടിസ്ഥാനം.

എന്നാൽ, പുസ്തകത്തിന്റെ പേരിൽ വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അപലപിച്ച് ‘നക്സൽ ദിനങ്ങൾ’ എഴുത്തുകാരൻ ആർ കെ ബിജു രാജ് തന്നെ രംഗത്തെത്തി. പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിരണം. ഇന്നലെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലായിരുന്നു ബിജുരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കുറിപ്പിന്റെ പൂർണരൂപം

2015 ല്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച, രണ്ട് പതിപ്പുകള്‍ ഇറങ്ങിയ ‘നക്സല്‍ദിനങ്ങള്‍’ എന്ന ചരിത്ര പുസ്തകം പുതിയ ചെറുപ്പക്കാര്‍( എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമബിരുദ വിദ്യാര്‍ഥികളുമടക്കം )വായിക്കുന്നുവെന്നറിയുമ്പോള്‍ സന്തോഷം. കേരളത്തിന്‍െറയും നക്സല്‍പ്രസ്ഥാനത്തിന്‍െറയും ചരിത്രം അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നാണതിന്റെ അര്‍ത്ഥം. വിമര്‍ശനാത്മക സ്വഭാവത്തോടെയും അല്ലാതെയുമാവാം വായന. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ എന്റെ അന്വേഷണവും പഠനവും എഴുത്തും വെറുതെയാവുന്നില്ല എന്നറിയുന്നതില്‍ അനല്‍പമായ അഭിമാനം. പ്രിയ ശബാന, നന്ദി. പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണം സാർ. ബിജു രാജ്  പറയുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍