UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവ കേരളം; കൈകോര്‍ക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

കുട്ടികളില്‍ നിന്നുള്ള സംഭാവനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി 11, 12 തീയ്യതികളില്‍ ശേഖരിക്കും.

പ്രളയദുരന്തത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ നിന്നുള്ള സംഭാവനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി  11, 12 തീയ്യതികളില്‍ ശേഖരിക്കും.

ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. അതുകൊണ്ടാണ് നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കുട്ടികളുടെയും പങ്കാളിത്തം സര്‍ക്കാര്‍ ആലോചിച്ചത്. ഒറ്റക്കെട്ടായി കേരളസമൂഹം ദുരന്തത്തെ അതിജീവിക്കുന്ന ഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതില്‍ പങ്കു ചേരുന്നു എന്നത് സന്തോഷകരമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ കേന്ദ്രീയ വിദ്യാലയം/ നവോദയ സ്‌കൂളുകളെയും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നാടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുളള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ കുട്ടികള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സമാഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ പോലും സംഭാവന നല്‍കിയ കുട്ടികളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കാത്ത കുട്ടികള്‍ക്കു കൂടി ഇതിന്റെ ഭാഗമാകാനുളള അവസരമാണ് വന്നിരിക്കുന്നത്. കഴിയാവുന്ന തുക നല്‍കി നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവണമെന്ന് വിദ്യാര്‍ത്ഥികളോടും വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍