UPDATES

ബിജെപി സമരപന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം; തീക്കൊളുത്തിയ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

സമര പന്തലിലേക്ക് ഒാടിക്കയറിയയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. 

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമര പന്തലിൽ അജ്ഞാതന്റെ ആത്മഹത്യാ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ സമര പന്തലിലേക്ക് ഒാടിക്കയറിയയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

സമരപന്തലില്‍ ഉണ്ടായിരുന്നവരും പോലീസും ഇടപെട്ട് തീയണച്ച് ഇയാളെ  മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ ആളുടെ നില ഗുരുതരമാണ്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചിട്ടുള്ള ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. റോഡില്‍ നിന്നും സമരപന്തലിലേക്ക് ഓടിക്കയറുകയയും ശരീരത്തിൽ തീക്കൊളുത്തുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ബിജെപി നേതാവ് വി.കെ സജീവന്‍  പറയുന്നതിങ്ങനെ, ‘സമരപന്തലിന് തൊട്ട് സമീപത്തായി തന്നെ ഞാനുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. രാത്രി ഒന്നര മണിക്ക് സമരപന്തലിന് എതിര്‍വശത്തുള്ള റോഡില്‍ നിന്നും ഉച്ചത്തിലുള്ള ശരണം വിളി കേട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കുമ്പോള്‍ തലയിലൂടെ എന്തോ ഒഴിക്കുന്ന ഒരാളെയാണ് കാണാനായത്. ഇത് ശ്രദ്ധിച്ചിട്ട് തൊട്ടടുത്തുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിച്ചു. അപ്പോഴേക്കും ഇയാൾ ഒരു തീഗോളമായിട്ട് സമരപന്തലിന് മുന്നിലേക്ക് ഓടിവരുന്നതാണ് പിന്നെ കാണുന്നത്. ഏതാണ്ട് സി.കെ പത്മനാഭന്‍ കിടക്കുന്ന ഭാഗത്തേക്കാണ് അയാള്‍ ഓടി എത്തിയത്. സികെപിയുടെ ഗണ്‍മാനും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി ചേര്‍ന്ന് അവിടെയുണ്ടായിരുന്ന കസേര കൊണ്ട് ദേഹത്ത് അടിച്ച് അയാളെ വീഴ്ത്തുകയായിരുന്നു. ഇവിടെ കുടിക്കാന്‍ വെച്ചിരുന്ന വെള്ളമെടുത്ത് ഒഴിച്ചാണ് തീ കെടുത്തിയത്. നല്ല രീതിയില്‍ അയാള്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. ആ സമയത്തും അദ്ദേഹം വിളിച്ചു പറഞ്ഞത് അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയൊക്കെ ചെയ്യാന്‍ പറ്റൂവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.’ രാത്രി ഒരു മണിയോടെ നടന്ന സംഭവവികാസങ്ങള്‍ വിവരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍.

മുട്ടടയിലുള്ള വേണുഗോപാല്‍ നായര്‍ (44) എന്ന അയ്യപ്പഭക്തനാണ് അദ്ദേഹം. ബിജെപി പ്രവര്‍ത്തകനെന്ന് അദ്ദേഹത്തെ പറയാന്‍ പറ്റില്ല. അയാളുടെ കുടുംബമൊക്കെ സിപിഎമ്മാണ്. ബിഎംഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് മുമ്പ് സമരപന്തലിലൊന്നും ഇയാള്‍ എത്തിയതായി അറിയില്ല. അദ്ദേഹം സ്ഥിരമായി ശബരിമലയ്ക്ക് പോകുന്ന ആളാണെന്നും ശബരിമലയിലെ വിഷയവുമായി സംബന്ധിച്ച് അയാള്‍ക്ക് പ്രതിഷേധം ഉണ്ടായിരുന്നുവെന്നും അയാളുടെ നാട്ടുകാര്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസാണ് ആത്മഹത്യാ ശ്രമത്തിന് ശേഷം വേണുഗോപാലന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡിസംബര്‍ മൂന്ന് മുതലാണ് ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം തുടങ്ങിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന്  അദ്ദേഹത്തിന്റെ  ആരോഗ്യനില മോശമായതിനെ  കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ  സികെ പത്മനാഭനാണ്  നിരാഹാരം തുടരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍