UPDATES

സുനന്ദ പുഷ്‌കര്‍ ശശി തരൂരിനെ തല്ലിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍; കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം

സുനന്ദ, ശശി തരൂരുമായി നിരന്തരം വഴക്കിട്ടിരുന്നു, ദുബായില്‍ വച്ചും വഴക്കുണ്ടായി.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍. ഡല്‍ഹി പൊലീസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടത്. ഐപിഎല്‍ ഒത്തുകളി വിവാദങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്താനായി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദയെ ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനന്ദ, ശശി തരൂരുമായി നിരന്തരം വഴക്കിട്ടിരുന്നതായി വീട്ടിലെ സെര്‍വന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ദുബായില്‍ വച്ചും വഴക്കുണ്ടായി. സുനന്ദ, ഒരു തവണ തരൂരിനെ തല്ലുകയും ചെയ്തു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ട് എന്ന് സുനന്ദ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ കാറ്റി എന്ന് പേരുള്ള മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടാണ് ഇരുവരും ഒരിക്കല്‍ വഴക്കിട്ടത് എന്നാണ് സെര്‍വന്റ് പറഞ്ഞത് എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറയിച്ചു. സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാസോളാം കുത്തിവച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

മരിക്കുന്നതിന്റെ തലേദിവസം തന്നെ വിളിച്ച് സുനന്ദ, തരൂര്‍ താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതായി പറഞ്ഞു എന്ന് സുഹൃത്തായ മാധ്യമപ്രവര്‍ത്തക നളിനി സിംഗ് പറഞ്ഞിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മെഹര്‍ തരാറിനെ വിവാഹം കഴിച്ച് സുന്ദയെ ഒഴിവാക്കാനായിരുന്നു തരൂരിന്റെ തീരുമാനം എന്ന് നളിനി പറഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ആത്മഹത്യാപ്രേരണയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. അതേസമയം പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്വ തള്ളിക്കളഞ്ഞു. ആത്മഹത്യക്ക് പോലും തെളിവില്ല എന്നാണ് ഓട്ടോപ്‌സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പിന്നെ എങ്ങനെ ആത്മഹത്യ പ്രേരണ ആരോപിക്കാനാകും എന്ന് തരൂരിന്റെ അഭിഭാഷകന്‍ ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍