UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതീ പ്രവേശന വിധിയെ അനുകൂലിച്ചു; പഞ്ചവാദ്യ കലാകാരന് ശിവരാത്രി പരിപാടികളിൽ വിലക്ക്

സംഭവത്തിന് പിന്നിൽ സംഘപരിവാർ ഇടപെടലാണെന്നാണ് ആരോപണം.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ അനുകൂലിച്ച തിമില കലാകാരന് പരിപാടികളിൽ വിലക്കെന്ന് ആരോപണം. തൃശൂർ കൊണ്ടാഴിയിലെ പാറമേൽ വീട്ടില്‍ അനീഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർ‌ഡിന് കീഴിലുള്ള നാട്ടിലെ ക്ഷേത്രത്തിലെ ശിവരാത്രി‌ ഉത്സവ പരിപാടിയിൽ നിന്നും വിലക്കിയത്. സംഭവത്തിന് പിന്നിൽ സംഘപരിവാർ ഇടപെടലാണെന്നാണ് ആരോപണം.

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടാഴി തളി ക്ഷേത്രത്തിലെ പരിപാടികൾക്കായി ബുക്ക് ചെയ്ത പഞ്ചവാദ്യം ടീമിൽ അനീഷും ഉൾ‌പ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് പരിപാടി ബുക്ക് ചെയ്ത കരാറുകാരനും ദേവസംവ ഓഫീസറും വീട്ടിലെത്തി ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നെന്നും അനീഷ് ആരോപിക്കുന്നു. രാത്രി 11 മണിയോടെയാണ് ഇക്കാര്യം ഇരുവരും വീട്ടിലെത്തി അറിയിച്ചതെന്നും അനീഷ് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അനീഷ് ശിവരാത്രി പരിപാടിയിൽ പങ്കെടുത്താൽ പരിപാടി അലങ്കോലപ്പെടുത്തുമെന്നും കയ്യേറ്റം ചെയ്യുമെന്നും ബിജെപി കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയതു പ്രകാരമാണ് തന്നെ ഒഴിവാക്കുന്നതെന്ന് കരാറുകാരൻ പറഞ്ഞതായും അനീഷ് പറയുന്നു. പരിപാടിയിൽ നിന്നും വിലക്കയതോടെ തന്റെ വരുമാനമാർഗമാണ് ഇല്ലാതായതെന്ന് പറയുന്ന അദ്ദേഹം വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്നും വ്യക്തമാക്കി.

ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം അനീഷ് ഫേസ് ബുക്കിൽ കുറിച്ച ‘ആർത്തവം അയിത്തമല്ല, സ്​ത്രീ അശുദ്ധയല്ല’ വാചകമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ഇ​തി​ന്​ ശേ​ഷം ‘ സംഘ്​ പരിവാർ അനുകൂല ഫേസ്ബുക്ക്​ കൂട്ടായ്മയായ ‘സംഘമിത്ര മാങ്കുളം’ ഭീഷണിപ്പെടുത്തിയിരുന്നതായും അനീഷ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍