UPDATES

ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ല; വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

497 വകുപ്പ് റദ്ദാക്കുന്നത് വിവാഹം എന്ന സമ്പ്രദായത്തെ തകര്‍ക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ തള്ളിയാണ് കോടതി വിധി.

വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമാക്കി കണക്കാക്കിയിരുന്ന 157 വര്‍ഷം പഴക്കമുള്ള ഐ.പി.സി 497-ആം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ ജോസഫ് ഷൈന്‍ സമീപിച്ച ഹര്‍ജിയിലാണ് വിധി. സ്ത്രീ ഒരു ജംഗമ വസ്തുവല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ല എന്നും വിധി പ്രസ്താവത്തിനിടയില്‍ കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയാണ് വിധി പ്രസ്താവിച്ചത്. സ്ത്രീകളുടെ ആത്മാഭിമാനം പരിഗണിക്കപ്പെടാത്ത വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ്. വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. അതൊരു ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കുന്നു.

497 വകുപ്പ് റദ്ദാക്കുന്നത് വിവാഹം എന്ന സമ്പ്രദായത്തെ തകര്‍ക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ
തള്ളിയാണ് കോടതി വിധി. വിവാഹിതരായ സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടുമ്പോള്‍ പുരുഷന്മാര്‍ കുറ്റക്കാരും സ്ത്രീകള്‍ ഇരകളുമാകുന്നതാണ് 497-ാം വകുപ്പ്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ കുറ്റക്കാരല്ലെന്നും വകുപ്പില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യഭിചാരം ആത്യന്തികമായി സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന പ്രക്രിയയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത് വ്യഭിചാരക്കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497-ാം വകുപ്പ് അനുശാസിക്കുന്നത്. ഭാര്യയുടെ കാമുകനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള അവസരമാണ് 497-ാം വകുപ്പ് ഭര്‍ത്താവിന് നല്‍കുന്നത്. അതേസമയം ഭര്‍ത്താവ് അവിഹിത ബന്ധം പുലര്‍ത്തുന്ന സ്ത്രീയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള അവകാശം ഈ നിയമം ഒരു ഭാര്യക്ക് നല്‍കുന്നില്ല. കൂടാതെ അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിനെ വിചാരണ ചെയ്യാനുള്ള അവകാശവും ഈ വകുപ്പ് ഭാര്യക്ക് നല്‍കുന്നില്ല. ഭര്‍ത്താവിന് അവിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെങ്കിലും ഈ നിയമം അത് പരിഗണിക്കുന്നില്ല. വ്യഭിചാരം ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും എന്നാല്‍ സാമൂഹികമായ തെറ്റാണെന്നും ഭരണഘടനാ ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചിരുന്നു. വ്യഭിചാരത്തിനുള്ള സാമൂഹിക പരിഹാരം വിവാഹമോചനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. വ്യഭിചാരക്കുറ്റത്തിന് ഒരാളെ അഞ്ച് വര്‍ഷം തടവിലിടുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്ന ശിക്ഷയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാഹ ബന്ധം സംരക്ഷിക്കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്. ഇതില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റെയാള്‍ക്ക് സാമൂഹികമായ പരിഹാരമുണ്ട്. എന്നാല്‍ വിവാഹബന്ധത തകര്‍ച്ചയില്‍ പൊതു നന്മയെന്ന ചോദ്യമുയരുന്നത് ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ പിങ്കി ആനന്ദിനോട് ചോദിച്ചു.

അതേസമയം ദാമ്പത്യ തകര്‍ച്ചയുടെ ഫലമായി വ്യഭിചാരം നടക്കുന്ന കേസുകളുമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി അകന്നു ജീവിച്ച് വിവാഹമോചനത്തിന് കാത്തിരിക്കുന്ന ദമ്പതികളില്‍ ഭാര്യയെ കുഴപ്പത്തിലാക്കാന്‍ വ്യഭിചാരം ആരോപിക്കുന്ന ഭര്‍ത്താക്കന്മാരുമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഓര്‍മ്മിപ്പിച്ചു.

ലിംഗാധിപത്യത്തിനു ചരിത്രമുണ്ട്, കുടിലതയുടെ പുരുഷലിംഗ പട്ടാഭിഷേകം

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍