UPDATES

വാര്‍ത്തകള്‍

‘ഒരു ഭക്തന്റെ ഗതികേട്, ജനങ്ങൾ ഇതും കൈകാര്യം ചെയ്യണം’; കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപിയുടെ പ്രതികരണം

ഇത് എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിക്കുന്നു.

തിരഞ്ഞെടുപ്പ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇഷ്ട ദൈവത്തിന്റെ പേര് പറയാൻ കഴിയാത്ത ഭക്തന്റെ ഗതികേടാണ്. ഇത് എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനും ജനങ്ങൾ മറുപടി പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കളക്ടർ ടിവി അനുപമയുടെ നടപടിക്കെതിരായ ചോദ്യങ്ങൾക്കായിരുന്നു മറുപടി.

അതേസമയം, താൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ കളക്ടറുടെ നോട്ടീസിന് പാർട്ടിയുമായി കൂടി ആലോച്ച ശേഷം മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത്. ഇതിന് പിറകെ സുരേഷ് ഗോപിയോട് 48 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ശബരിമല അടക്കം മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളാക്കരുത് എന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

അതിനിടെ, ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയോട് വിശദീകരണം തേടിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടിക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപിച്ചു.

കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടുമെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണൻ . അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എന്നിട്ടും വിശദീകരണം തേടിയ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ടി വി അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിലെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും ചർച്ചയാക്കി വോട്ട് ചോദിക്കുമെന്നും വ്യക്തമാക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍