UPDATES

വിദേശം

ചുമലിൽ ബാഗുമായെത്തുന്ന ചാവേർ; ശ്രീലങ്കൻ പള്ളിയിലെ സ്ഫോടനത്തിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ / വീഡിയോ

പള്ളി പരിസത്തേക്ക് കടന്നു വരുന്ന യുവാവ് ചടങ്ങുകൾ നടക്കുന്ന ഹാളിന് വശത്തെ വാതിൽ വഴി അകത്തേക്ക് പ്രവേശിക്കുന്നതും, ആൾക്കൂട്ടത്തിനിടയിൽ ഇരിപ്പുറപ്പിക്കുന്നതും വരെയുള്ള വീഡിയോ ആണ് പുറത്ത് വിട്ടിട്ടുള്ളത്

ഈസ്റ്റർ ദിനത്തിൽ ലോകത്തെ നടുക്കിക്കൊണ്ട് ശ്രീലങ്കയിൽ അരങ്ങേറിയ സ്ഫോടന പരമ്പരയുടെ ഭാഗമായ ചാവേറിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നെഗോബോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ സിസിടിവികളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടത്.

പള്ളിയിൽ ഈസ്റ്റർ ദിന ശുശ്രൂഷകൾ നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് പള്ളിയിലേക്ക് കടന്ന് വരുന്നതാണ് ദൃശ്യങ്ങൾ. സ്ഫോടനത്തിന് തൊട്ടുമുൻ‌പാണ് പുറത്ത് ഭാരമേറിയ ബാഗും തൂക്കി യുവാവ് പള്ളിക്കകത്തേക്ക് കയറുന്നത്. ഇതിന്റെ വിവിധ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പള്ളി പരിസത്തേക്ക് കടന്നു വരുന്ന യുവാവ് ചടങ്ങുകൾ നടക്കുന്ന ഹാളിന് വശത്തെ വാതിൽ വഴി അകത്തേക്ക് പ്രവേശിക്കുന്നതും, ആൾക്കൂട്ടത്തിനിടയിൽ ഇരിപ്പുറപ്പിക്കുന്നതും വരെയുള്ള വീഡിയോ ആണ് പുറത്ത് വിട്ടിട്ടുള്ളത്. ദൃശ്യങ്ങൾ പുറത്ത് വന്ന നെഗോബോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കനത്ത സ്ഫോടക വസ്തുക്കളുമായാണ് ചാവേർ പള്ളിയിലെത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് മരണസംഖ്യയിലെ വർധനവവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്‌സ് (ഐ.എസ്) ഏറ്റെടുത്തതായി ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തേ പ്രാദേശിക തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ നിലപാട്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ആക്രമണ പരമ്പരയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത്. ഈസ്റ്റർ ദിനത്തിൽ നടന്ന എട്ട് സ്പോടനങ്ങളിലായി 310 പേരാണ് കൊല്ലപ്പെട്ടത്. 500 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍