UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ച, ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച പുലര്‍ച്ചെ മുന്നരയോടെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയില്‍ മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. കാലിക്കറ്റ് സര്‍വകലാശാലയക്ക് സമീപത്തള്ള പാണമ്പ്ര വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുന്നരയോടെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തെ തുറന്ന് ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു. ഇതോടെ അപകടം നടന്നതിന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അടുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ മൈക്കിലൂടെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ദേശീയപാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപത്തു തന്നെയുള്ള ചേളാരി ഐഒസി പ്ലാന്റില്‍ നിന്നും വിദഗ്ധ സംഘത്തിനു വേഗത്തില്‍ സ്ഥലത്തെത്താനായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പെട്ടന്ന് തന്നെ ആരംഭിക്കാനായി.

അതേസമയം, ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. വാതകചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിന് ഏഴുമണിക്കൂറോളം സമയം വേണ്ടിവരുമെന്നാണ് അധികതര്‍ നല്‍കുന്ന വിവരം. വാതകം ചോരുന്നതിനാല്‍ കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഏഴോളം ഫയര്‍ഫോഴ്‌സ് യൂനിറ്റ് സംഭവസ്ഥലത്ത് ക്യാംപ് ചെയതാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ടാങ്കറിലേക്ക് വെള്ളം ചീറ്റിച്ച് തണുപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍