UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലങ്കാനയിലെ ട്രാൻസ് ജെൻഡർ സ്ഥാനാര്‍ഥി ചന്ദ്രമുഖി തിരിച്ചെത്തി; തിരോധാനം കോടതിയില്‍ വിശദീകരിക്കും

ചന്ദ്രമുഖിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ആരോപിച്ച് അമ്മ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിരുന്നു.

തെലങ്കാനയിൽ കാണാതായ നിയമസഭാ സ്ഥാനാർഥിയും ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുമായ ചന്ദ്രമുഖി മുവ്വല തിരിച്ചെത്തി. ഒരു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾ‌ക്ക് വിരാമമിട്ടുകൊണ്ടാണ് ചന്ദ്രമുഖി തിരിച്ചെത്തിയതായി അവരുടെ മാതാവ് അനന്ദമ്മയുടെ വെളിപ്പെടുത്തൽ. ബുധനാഴ്ച രാത്രിയോടെ ചന്ദ്രമുഖി തിരിച്ചെത്തിയെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. ചന്ദ്രമുഖിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ആരോപിച്ച് അമ്മ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മാതാവ് പറയുന്നു.

അതേസമയം,  സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥികൂടിയായ ചന്ദ്രമുഖി മുവ്വല തയ്യാറായില്ല. കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുമെന്നുമായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പബ്ലിസിറ്റിയാണ് തിരോധാനത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വലയെ ചൊവ്വാഴ്ചയാണ് കാണാതായത്. വീട്ടില്‍നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് ഇവർക്കുവേണ്ടി  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറ‍ഞ്ഞിരുന്നു. ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമായതെന്നും ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.  പ്രദേശവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പരിശോധിച്ച്  പോലീസ്  നടത്തിവന്നിരുന്ന അന്വേഷണങ്ങൾക്കിടെയാണ് ഇവരുടെ മടങ്ങിവരവ്.

തെലങ്കാനയിലെ ആദ്യ ട്രാന്‍സ്‍വുമണ്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. നിലവിലെ ബിജെപി എംഎല്‍എ രാജ സിംഗിന് പുറമെ കോണ്‍ഗ്രസിന് വേണ്ടി മുകേഷ് ഗൗഡ്, ടിആര്‍എസിന് വേണ്ടി പ്രേം സിംഗ് റാത്തോര്‍ എന്നിവർക്കെതിരെയാണ്  ഗോഷാമഹലില്‍ ഇവർ ജനവിധി തേടുന്നത്. ചന്ദ്രമുഖിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യാന്തര തലത്തിൽ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയാണ് ഗോഷാമഹൽ.ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

തെലങ്കാനയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്‍ഡറെ കാണാതായി; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

തെലങ്കാനയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ട്രാന്‍സ്‌ജെന്‍ഡറും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍