UPDATES

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അനുമതി ഏകകണ്ഠമല്ല; വിയോജനക്കുറിപ്പ് നൽകി മൃഗസംരക്ഷണ ബോർഡ് അംഗം

ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമർശമാണ് ജയചന്ദ്രൻ ഉയർത്തിക്കാട്ടിയത്.

കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെളിക്കാനുള്ള അനുമതി നൽകിയ ജില്ലാതല നാട്ടാന നിരീക്ഷണ സമിതിയുടെ തീരുമാനം ഏകകണ്ഠമല്ലെന്ന് റിപ്പോർട്ട്. മൃഗസംരക്ഷണ ബോർഡ് അംഗം എം.എൻ. ജയചന്ദ്രനാണ് ആനയെ എഴുന്നെള്ളിക്കുന്നതിന് എതിരായ നിലപാടെടുത്തത്. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ അനുകൂലിപ്പോൾ എം.എൻ. ജയചന്ദ്രൻ വിയോജനക്കുറിപ്പ് മിനിറ്റ്‌സിൽ എഴുതിവെപ്പിപ്പിക്കുകയായിരുന്നു.

ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമർശമാണ് ജയചന്ദ്രൻ ഉയർത്തിക്കാട്ടിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകിയാൽ എഴുന്നള്ളിക്കുമ്പോൾ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടായിരിക്കില്ലെന്നും അദ്ദേഹം വിയോജനക്കുറിപ്പിൽ പറയുന്നു. 11 അംഗ സമിതിയിലെ 10 അംഗങ്ങൾ പങ്കെടുത്ത വെള്ളിയാഴ്ചയിലെ യോഗത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനെ എതിര്‍ക്കുന്നവരായിരുന്നു നേരത്തെ സമിതിയിൽ ഭുരിഭാഗവും ഏപ്രിൽ 25-ന് ചേർന്ന യോഗത്തിൽ ആനയുടെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ആനയുടമ, ആനത്തൊഴിലാളി, ഫെസ്റ്റിവെൽ കോ- ഓർഡിനേഷൻ കമ്മിറ്റിയംഗം എന്നിവർ മാത്രമാണ് വിലക്കുനീക്കുന്നതിനെ പിന്തുണച്ചിരുന്നുള്ളൂ. എന്നാൽ, വെള്ളിയാഴ്ച ഈ സ്ഥിതി മാറി. ഒരാളൊഴിച്ച് എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ പിന്തുണയ്ക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ്  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പുരത്തിന് എഴുന്നെള്ളിക്കാന്‍ ജില്ലാ കളക്ടർ അനുമതി നൽകിയത്. കർശന ഉപാധികളോടെ ഒരു മണിക്കൂർ നേരത്തേക്കാണ് അനുമതി. പുരം വിളംബരത്തിന്റെ ഭാഗമായി നടക്കുന്ന നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനും തെക്കേഗോപുര വാതിൽ തള്ളിത്തുറക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാനുമാണ് കളക്ടർ അനുമതി നൽകിയിക്കുന്നത്. രാവിലെ 9-30 മുതൽ 10-30 വരെയാണ് എഴുന്നെള്ളിപ്പിന് അനുമതി.

എന്നാൽ, ആനയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരരുത്. വടക്കും നാഥ ക്ഷേത്രത്തിലേക്ക് വാഹനത്തിൽ എത്തിക്കുകയും തിരികെ അതേ രീതിയിൽ മടക്കി അയക്കുകയും ചെയ്യണം. ആള്‍ക്കൂട്ടത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തണം. ഇതിനായി പത്ത് മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് നിർമ്മിച്ച് ആളുകളെ മാറ്റി നിർത്തണം. നാല് പാപ്പാൻമാർ കൂടെ വേണമെന്നും കളക്ടർ നിർദേശത്തില്‍ പറയുന്നു.

ഇന്ന് രാവിലെ നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് തെച്ചിക്കോട് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിന് വഴിയൊരുങ്ങിയത്. ആനയ്ക്ക് മദപ്പാടില്ല, കാഴ്ച ശക്തി പൂർണമായി നഷ്ടപ്പെട്ടെന്ന് കരുതാനാവില്ല. ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തിയിരുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളാകാനുള്ള കുതിപ്പിനിടെ നീലേശ്വരം സ്‌കൂളില്‍ സംഭവിച്ചത്; ഉത്തരക്കടലാസ് തിരുത്തിയ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍