UPDATES

ട്രെന്‍ഡിങ്ങ്

മുംബയ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

ജാതീയമായ അധിക്ഷേപം മൂലമാണ് ആദിവാസി വിഭാഗക്കാരിയായ പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ ആബിദ താഡ്വി അടക്കമുള്ളവരുടെ പരാതി.

മുംബയ് ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ പായല്‍ താഡ്വിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് വനിത ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. മേയ് 22നാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥിനിയായ പായല്‍ തഡ്വിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതീയമായ അധിക്ഷേപം മൂലമാണ് ആദിവാസി വിഭാഗക്കാരിയായ പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ ആബിദ താഡ്വി അടക്കമുള്ളവരുടെ പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളായ ഭക്തി മെഹരെ, ഹേമ അഹൂജ, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പായലിന്റെ അമ്മയും ഭര്‍ത്താവ് സല്‍മാനും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി അടക്കമുള്ള ദലിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പായല്‍ ആത്മഹത്യ ചെയ്യുന്നതിന് 10 ദിവസം മുമ്പ് മകള്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നേരിടുന്ന ജാതി അധിക്ഷേപവും മാനസിക പീഡനവും സംബന്ധിച്ച് അമ്മ ആബിദ തഡ്വി, കോളേജ് ഡീനിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് ഡീനിന്റെ വാദം. പട്ടികവര്‍ഗക്കാരിയാണ് പായല്‍ താഡ്വി. രോഗികളുടെ മുന്നില്‍ വച്ച് പായലിനെ നിരവധി തവണ സീനിയര്‍ ഡോക്ടര്‍മാര്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഭര്‍ത്താവ് സല്‍മാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തങ്ങള്‍ അനീതിക്കിരയാവുകയാണ് എന്ന് ആരോപിച്ച് റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന് പരാതി നല്‍കി. എന്നാല്‍ മൂന്ന് പേരെയു അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്‍ നടപടി ആവശ്യപ്പെട്ട് ഹോസ്പിറ്റല്‍ ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പായല്‍ തഡ്വിയ്ക്ക് നീതി കിട്ടുന്നതിനുള്ള പോരാട്ടത്തിനായി എല്ലാ പിന്തുണയും ഉണ്ടാകും എന്ന് യുപിയിലെ ദലിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍