ദേശീയ ബാലാവകാശ സംരക്ഷണ സമിതിയുടെ ( എൻസിപിസിആർ) നേതൃത്വത്തിലായിരുന്നു പരിശോധന.
തെന്നിന്ത്യൻ നടി ഭാനുപ്രിയയുടെ വീട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. ചെന്നെ ടി നഗറിലുള്ള താരത്തിന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തിയ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരാണ് കുട്ടികളെ കണ്ടെത്തിയതെന്നാണ് വിവരം. ആന്ധ്ര സ്വദേശിനിയായ ഒരു കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മകൾക്ക് വേതനം നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കുട്ടിയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നുമായിരുന്നു പരാതി. സമൽകോട്ട് പോലീസിലായിരുന്നു മാതാവ് പരാതി നൽകിയത്.
പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിന് പിറകെയാണ് പുതിയ സംഭവം. ദേശീയ ബാലാവകാശ സംരക്ഷണ സമിതിയുടെ ( എൻസിപിസിആർ) നേതൃത്വത്തിലായിരുന്നു പരിശോധന. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ ബാലവേല നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യണെമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്ന് സംശയിക്കുന്നതായും അച്യുത റാവോ പറയുന്നു. എന്നാൽ ഇവരെ എല്ലാം എത്തിച്ചത് ഒരാൾ തന്നെയാണെന്നാണ് വിവരം. എന്നാൽ വിഷയത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ എന്നും അന്വേഷണ വിധേയമാക്കണമെന്നും അച്യുത റാവോ ആരോപിക്കുന്നു.
എന്നാൽ പെൺകുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്ന് അറിയിച്ചാണ് മാതാപിതാക്കൾ കുട്ടികൾളെ എത്തിച്ചതെന്നാണ് ഭാനുപ്രിയയുടെ പ്രതികരണം. ഇവരെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന താരം പരാതിക്ക് പിന്നിൽ പ്രവർത്തിച്ച പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ നിന്ന് ക്യാമറ, ഐപാഡ് സ്വർണ്ണം എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് ആരോപണം. ചോദ്യം ചെയ്ത്പ്പോൾ ചിലത് തിരിച്ച് നൽകിയെന്നും മുഴുവൻ ലഭിച്ചില്ലെന്നും അവർ പറയുന്നു.