UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍: മുസ്ലീങ്ങള്‍ മാത്രമല്ല ഭാര്യയെ ഉപേക്ഷിക്കുന്നതെന്ന് ശശി തരൂര്‍; പിന്തുണക്കില്ലെന്ന് ബിജെപി സഖ്യകക്ഷി ജെഡിയു

ഏകപക്ഷീയമായ വിവാഹമോചനങ്ങള്‍ അംഗീകരിക്കുന്നില്ല. അതേസമയം മുസ്ലീം പുരുന്മാര്‍ മാത്രമല്ല, ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

പുതിയ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്. മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നതാണ് ബില്‍ എന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ തള്ളി. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കി നിരോധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശക്തമായ നിയമം ആവശ്യമാണ് എന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

2017ലെ സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖ് നിര്‍ബാധം തുടരുകയാണ്. ഇത്തരത്തില്‍ ഏകപക്ഷീയമായ വിവാഹമോചനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ എന്ത് ചെയ്യണം. സുപ്രീം കോടതി വിധി ചുമരില്‍ തൂക്കിയാല്‍ മതിയോ – രവിശങ്കര്‍ പ്രസാദ് മുസ്ലീം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്‍ അവതരിപ്പിച്ചുകൊണ്ട് സഭയില്‍ ചോദിച്ചു.

അതേസമയം മുസ്ലീം പുരുഷന്മാരെ മാത്രം ലക്ഷ്യം വച്ചുള്ള ബില്‍ അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഏകപക്ഷീയമായ വിവാഹമോചനങ്ങള്‍ അംഗീകരിക്കുന്നില്ല. അതേസമയം മുസ്ലീം പുരുന്മാര്‍ മാത്രമല്ല, ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളിലെ പുരുഷന്മാരും ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിക്കുന്നുണ്ട്. ഈ ബില്‍ കൊണ്ടുവന്ന് മുസ്ലീം സ്ത്രീകളുടെ അവസ്ഥയില്‍ യാതൊരു പുരോഗതിയുമുണ്ടാക്കാനാകില്ല. ഇത് വിവേചനപരമായ ബില്ലാണ് – തരൂര്‍ പറഞ്ഞു.

മുത്തലാഖ് വഴി വിവാഹമോചനം നേടുന്ന പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തത്തി. ഇത് വിവേചനപരമായ ബില്‍ ആണെന്നും മുസ്ലീം സത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിന് ഗുണം ചെയ്യുന്നതല്ല എന്നും ഒവൈസി പറഞ്ഞു. ഭരണപക്ഷത്ത് നിന്ന് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത് 187 പേര്‍ മാത്രം. ജനതാദള്‍ യുണൈറ്റഡ് അടക്കമുള്ള എന്‍ഡിഎ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചില്ല. പലരും വിട്ടുനിന്നു. 74 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാതെ വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇത് ശ്രദ്ധേയമായി. വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും വിട്ടുനിന്നു. കോണ്‍ഗ്രസ് അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ ബില്ലിനോട് വലിയ താല്‍പര്യം കാണിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ബില്‍ ലാപ്‌സ് ആയി. ഫെബ്രുവരിയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ടിഡിപിയിലെ നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷവും 245 അംഗ രാജ്യസഭയില്‍ 102 അംഗങ്ങളേ എന്‍ഡിഎയ്ക്കുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍