UPDATES

വിദേശം

ശാശ്വത സമാധാനം ലക്ഷ്യം; കിം ജോങ് ഉന്നും ട്രംപും സിംഗപ്പുരിലെത്തി, സുപ്രധാന കൂടിക്കാഴ്ച നാളെ

ട്രംപുമായുള്ള നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ കെറിയന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടു വരിക, ആണവ നിരായുധീകരണം തുടങ്ങി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ലോകം ഉറ്റുനോക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. ഇന്നലെ ഉച്ചയോടെ ഏയര്‍ ചൈന വിമാനത്തില്‍ കിം ജോങ് ഉന്നാണ് ആദ്യം സിങ്കപ്പുരിലെത്തിയത്. തുടര്‍ന്ന് രാത്രിയോടെ ട്രംപും രാജ്യത്തെത്തുകയായിരുന്നു. ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ പായ ലെബര്‍ എയര്‍ ബെയ്‌സിലെത്തിയ ട്രംപിനെ സിംഗപ്പൂര്‍ വിദേശ കാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ സ്വീകരിച്ചു. ജി 7 ഉച്ചകോടിക്ക് ശേഷമായിരുന്നു ട്രംപ് സിംഗപ്പൂരിലേക്ക് തിരിച്ചത്. സിങ്കപ്പൂരില്‍ എത്തിയതായി വ്യക്തമാക്കി ട്രംപ് ട്വിറ്ററിലും കുറിപ്പിട്ടിരുന്നു.

ട്രംപുമായുള്ള നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ കെറിയന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടു വരിക, ആണവ നിരായുധീകരണം തുടങ്ങി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ വിദേശ കാര്യമന്ത്രി റി യോങ് ഹോ, പ്രതിരോധ മന്ത്രി നോ ക്വാങ് ചോല്‍, കിമ്മിന്റെ സഹോദരി യോ ജോങ്‌ എന്നിവരും കിമ്മിനൊപ്പം സിംഗപ്പൂരിലെത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവുമായി ചര്‍ച്ച നടക്കുന്നത്. 2017ല്‍ തുടര്‍ച്ചയായ മിസൈല്‍, അണുബോംബ് പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കിയിരുന്നു. പരസ്പരം ആക്രമണ ഭീഷണി മുഴക്കുന്നതില്‍ വരെയെത്തിയ നടപടിക്കൊപ്പം ട്രംപ് കിമ്മിനേയും കിം തിരിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചു. എന്നാല്‍ പിന്നീട് ട്രംപുമായി ചര്‍ച്ചയ്ക്ക് കിം ജോങ് ഉന്‍ സന്നദ്ധത അറിയിക്കുകയും സിംഗപ്പൂരില്‍ വച്ച് ചര്‍ച്ച നടത്താന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഉത്തരകൊറിയ അണുബോംബ് പരീക്ഷണ കേന്ദ്രം നശിപ്പിച്ചതിനെ പിന്നാലെ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നതായി ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചര്‍ച്ച നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 2011ല്‍ അധികാരമേറ്റ ശേഷം കിം ജോംഗ് ഉന്‍ ഇത് നാലാം തവണയാണ് ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍