UPDATES

സോഷ്യൽ വയർ

‘വൈകിട്ട് ചായ കുടിക്കാന്‍ പോയ അമ്മാവന്‍’ യുഡിഎഫ് പോസ്റ്ററില്‍; വിവാദമായപ്പോള്‍ ‘മോഡല്‍’ മുങ്ങിയതായി റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് കാംപയിനെ കുറിച്ചുള്ള ധാരണക്കുറവാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പരസ്യം തയ്യാറാക്കിയവരുടെ നിലപാട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ. കേരളം നേരിട്ട മഹാ പ്രളയം സർക്കാറിന്റെ പിടിപ്പുകേടാണ് എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ പോസ്റ്ററാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. പോസ്റ്ററിനെ വിമര്‍ശിച്ച് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് ഇടുക്കി ഡാമിനെ വിരൽ ചൂണ്ടി നിൽക്കുന്ന കർഷകന്റെ പോസ്റ്റർ‌ വിവാദത്തിൽ കുടുങ്ങിയത്. യുഡിഎഫ് രാഷ്ട്രീയ പ്രചാരണങ്ങൾക്ക് തെറ്റായ ചിത്രം ഉപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് ചില മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ രംഗം കൊഴുക്കുകയായിരുന്നു.

ചിത്രത്തിലുള്ള വ്യക്തി, പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല, കൊച്ചി ചെല്ലാനം ഗ്രാമത്തിലെ ആളാണ്. തന്റെ രണ്ടാമത്തെ അമ്മാവന്‍, വൈകീട്ട് ചായകുടിക്കാന്‍ പോയ അമ്മാവനെ, ചായക്കടയുടെ പരിസരത്ത് വെച്ച് അഭിനയിപ്പിക്കുകയായിരുന്നു- ലാല്‍സണിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് പറയുന്നു.

‘വൈകീട്ട് ചായകുടിക്കാന്‍ പോയ അമ്മാവനെ, ചായക്കടയുടെ പരിസരത്ത് വെച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്ന് ലാല്‍സണ്‍ പോസ്റ്റില്‍ പറയുന്നു. പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. ‘ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ? ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി. കഴിഞ്ഞ ദിവസം വൈകുന്നേരം യുഡിഎഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ പോസ്റ്ററില്‍ അമ്മാവന്‍ കൈ ചൂണ്ടി നില്‍ക്കുന്നു’- പോസ്റ്റ് ആരോപിക്കുന്നു. വോട്ടിന് വേണ്ടിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി പരസ്യം തയ്യാറാക്കിയ ഏജൻസികളുമായി ബന്ധപ്പെട്ടവർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാംപയിനെ കുറിച്ചുള്ള ധാരണക്കുറവാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് ഇവരുടെ നിലപാട്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി തുടങ്ങിയ കക്ഷികൾ എല്ലാം തന്നെ തങ്ങളുടെ ക്യാംപയിനുകളിലെ  ഇത്തരം പരസ്യങ്ങളുടെ ചുമതല വലിയ പരസ്യ ഏജൻസികളെ ആണ് ഏൽപ്പിക്കാറാണ് പതിവെന്നും ഇവർ പറയുന്നു.

തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ക്യാംപയിനുകളുടെ ഭാഗമാവുന്നർ പക്ഷേ പ്രൊഫണൽ താരങ്ങൾ ആയിരിക്കില്ല. ഇതിനായി പലപ്പോഴും തങ്ങൾക്ക് പരിചയമുള്ളവരെയും ബന്ധുക്കളെയുമാണ് ഉപയോഗിക്കാറ്. അവർക്ക് പ്രതിഫലവും, നൽകാറുണ്ട്. ഇവരുമായുണ്ടാക്കുന്ന കരാർ ഇത്തരം ഏജൻസികളുടെ പക്കൽ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. അത് മാത്രമാണ് ഇവിടെയും സംഭവിച്ചതെന്നും പരസ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ വ്യക്തമാക്കുന്നു. വിവാദമായ പോസ്റ്ററിലെ മോഡലിന് പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും, കരാര്‍ ഉണ്ടെന്നും ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യം എൽഡിഎഫ് വരും എല്ലാം ശരിയാവും തയ്യാറാക്കിയത് കൊച്ചിയിലെ പ്രശസ്ത പരസ്യ ഏജൻസി ആണെന്നും അവർ ഓര്‍മ്മിപ്പിക്കുന്നു.

അതിനിടെ, ഇടത് അനുഭാവിയായ വ്യക്തി യുഡിഎഫിന്റെ പോസ്റ്ററിന്റെ ഭാഗമാവുകയും, സംഭവം വിവാദമാവുകയും ചെയ്ചതിന് പിന്നാലെ  വിവാദ പോസ്റ്ററിന്റെ മോഡലുമായി ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ഇദ്ദേഹത്തെ സിപിഎം ഇടപെട്ട് സ്ഥലം മാറ്റിയിരിക്കുകയാണെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍