UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മോദി സാബ്, ഞങ്ങള്‍ നികുതി ദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു, നിങ്ങളോ?” ഉമര്‍ ഖാലിദിന് പിഎച്ച്ഡി

നികുതിദായകരുടെ പണം ഉപയോഗിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നായിരുന്നു ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെക്കുറിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് പിഎച്ച്ഡി പൂര്‍ത്തിയാക്കി. ട്വീറ്റിലും ഫേസ്ബുക്ക് പോസ്റ്റിലുമായി ഉമര്‍ തന്റെ സന്തോഷം പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധ ചെയ്താണ് താന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വിവരം ഉമര്‍ ഖാലിദ് അറിയിച്ചത്. നികുതിദായകരുടെ പണം ഉപയോഗിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നായിരുന്നു ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെക്കുറിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഉമര്‍ ഖാലിദ് നല്‍കിയത്. മോദി സാബ്, ഞങ്ങള്‍ നികുതി ദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ – ഉമര്‍ ചോദിക്കുന്നു. റിസര്‍ച്ച് സൂപ്പര്‍വൈസര്‍ ഡോ.സംഗീത ദാസ് ഗുപ്ത, എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാരായ പ്രൊഫ.പ്രഭു മഹാപത്ര, പ്രൊഫ.റോഹന്‍ ഡിസൂസ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഉമര്‍ ഖാലിദ് നന്ദി പറഞ്ഞു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നേതാക്കളില്‍ ഒരാളായ ഉമര്‍ ഖാലിദിനെ 2016 ഫെബ്രുവരി ഒമ്പതിന്റെ പരിപാടിയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി നേതാവായ അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമാണ് ഉമര്‍ ഖാലിദിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു ആരോപണം. ഇവര്‍ക്കെതിരായ ആരോപണം വ്യാജ വീഡിയോ ടേപ്പുകളുടെ അടിസ്ഥാനത്തിലുള്ളതാണ് എന്ന് പിന്നീട് വ്യക്തമായിരുന്നു. ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്റെ പ്രതികാര നടപടികളും വിദ്യാര്‍ത്ഥി നേതാക്കള്‍ നേരിട്ടിരുന്നു. കനയ്യ കുമാറും അടുത്തിടെ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിരുന്നു.

ഞങ്ങള്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പഠിക്കാനല്ല വരുന്നത് എന്നാണ് ബിജെപിക്കാര്‍ പറഞ്ഞിരുന്നത്. അവര്‍ക്കുള്ള മറുപടിയാണ് ഞങ്ങള്‍ നല്‍കുന്നത്. കനയ്യയും ഞാനും അനിര്‍ഭനുമെല്ലാം ചെയ്ത വര്‍ക്കുകളാണ് അവര്‍ക്കുള്ള മറുപടി. ഉമര്‍ ഖാലിദ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ആദിവാസികളുമായി ബന്ധപ്പെട്ടതാണ് ചരിത്ര വിദ്യാര്‍ത്ഥിയായ ഉമറിന്റെ പിഎച്ച്ഡി തീസിസ് – Contesting claims and contingencies of the rule on adivasis of Jharkhand.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍