UPDATES

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അനുനയ നീക്കവുമായി സിപിഎം, കേസുമായി മുന്നോട്ട് പോവുമെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛൻ

അഖിലിനെ ഒന്നര വർഷം മുമ്പും എസ്എഫ്‌ഐക്കാർ ആക്രമിച്ചിരുന്നുവെന്ന് ചന്ദ്രൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

യുണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ മുന്നാം വർഷ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ അനുനയ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സംഭവം ഒതുക്കാൻ സിപിഎം നേരിട്ട് ഇപെടുന്നെന്ന് കുത്തേറ്റ യുവാവിന്റെ അച്ഛൻ ചന്ദ്രൻ ആരോപിച്ചു. കേസ് തുടരുന്നുണ്ടോ എന്ന് ജില്ലാ നേതൃത്വം ചോദിച്ചെവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

തങ്ങളുടേത് ഒരു പാർട്ടി കുടുംബം മുഖവുരയോടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ജില്ലാ നേതാക്കൾ തന്നെ കണ്ടത്. കേസുമായി മുന്നോട്ട് പോവുമോ എന്ന് ചോദിച്ചെന്നും അദ്ദേഹം പറയുന്നു. അതേസമയം, മകനെ ആക്രമിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം എന്നും അദ്ദേഹം പറയുന്നു. എന്ത് സമ്മർദമുണ്ടായാലും നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു.

അഖിലിനെ ഒന്നര വർഷം മുമ്പും എസ്എഫ്‌ഐക്കാർ ആക്രമിച്ചിരുന്നുവെന്ന് ചന്ദ്രൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്എഫ്‌ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും, പാർട്ടി ജില്ലാ നേതൃത്വത്തിനും പരാതി നൽകിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

യൂനിവേഴ്സിറ്റി കോളേജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർഥികൾക്കു മർദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. മുൻപ് പാളയം ജംക്‌ഷനിൽ പൊലീസുകാരെ തല്ലിയ കേസിലുൾപ്പെട്ടയാളാണു നസീം.

അതിനിടെ, നെ‍ഞ്ചിൽ 2 കുത്തുകളേറ്റ അഖിലിന് ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍