UPDATES

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് ഡല്‍ഹിയില്‍; മോദിയുമായും ജയശങ്കറുമായും ചര്‍ച്ച

വ്യാപാര നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കുമെന്നാണ് പ്രതീക്ഷ എന്ന് നേരത്തെ പോംപിയോ പറഞ്ഞിരുന്നു.

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്കള്‍ ആര്‍ പോംപിയോ (മൈക്ക് പോംപിയോ)
ഇന്ന് ന്യൂഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം. ജൂണ്‍ 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്.

നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ഊന്നല്‍. വിദേശനയത്തില്‍ അമേരിക്കയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നയതന്ത്ര സമീപനമാണ് വിദേശകാര്യ സെക്രട്ടറി എന്ന നിലയിലും അതിന് മുമ്പും എസ് ജയശങ്കര്‍ സ്വീകരിച്ചിരുന്നത്. ഡാറ്റ ലോക്കലൈസേഷന്‍, ഇ കൊമേഴ്‌സ് അടക്കമുള്ളവ പ്രധാന ചര്‍ച്ചാവിഷയങ്ങളായേക്കും. 5ജി നെറ്റ് വര്‍ക്കിലുള്‍പ്പടെ ഇന്ത്യക്ക് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണ് എന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. പ്രതിരോധ സഹകരണം, ഇന്‍ഡോ – പസിഫിക് മേഖലയിലെ സഹകരണം ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായേക്കും.

28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഈ മാസം ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനും ഉയര്‍ന്ന ഇറക്കുമതി തീരുവ യുഎസ് ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായാണ് യുഎസ് ആല്‍മണ്ട്, ആപ്പിള്‍, വാല്‍നട്ട് തുടങ്ങിയവയ്‌ക്കെല്ലാം ഇന്ത്യ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിരുന്നത്. ചൈനയുമായി യുഎസിന്റെ ശക്തമായ വ്യാപാരയുദ്ധം നിലനില്‍ക്കെയാണ് ഇന്ത്യയുമായും വ്യാപാരത്തില്‍ അസ്വാരസ്യങ്ങളുള്ളത്. വ്യാപാര നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കുമെന്നാണ് പ്രതീക്ഷ എന്ന് നേരത്തെ പോംപിയോ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍