UPDATES

ട്രെന്‍ഡിങ്ങ്

യുഎസ് വിദേശകാര്യ സെക്രട്ടറി പോംപിയോ ഇന്ന് മോദിയുമായും മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും

ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്താനുദ്ദേശിക്കുന്ന ചര്‍ച്ചയുടെ സമയം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പോംപിയോ – ജയശങ്കര്‍ ചര്‍ച്ചയില്‍ തീരുമാനമായേക്കും.

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ (മൈക്കള്‍ ആര്‍ പോംപിയോ) ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും. ജൂണ്‍ 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്താനുദ്ദേശിക്കുന്ന ചര്‍ച്ചയുടെ സമയം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പോംപിയോ – ജയശങ്കര്‍ ചര്‍ച്ചയില്‍ തീരുമാനമായേക്കും. 28ന് ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം ജയശങ്കറും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ യുഎസ് നിലപാടില്‍ ഇന്ത്യ ഇളവ് ആവശ്യപ്പെടുന്നു.

പോംപിയോ – ജയശങ്കര്‍ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വ്യാപാര തര്‍ക്കങ്ങളും പ്രധാന വിഷയമാകും. ഡാറ്റ ലോക്കലൈസേഷന്‍, ഇ കൊമേഴ്‌സ്, ഫൈവ് ജി, ചൈനീസ് കമ്പനി ഹുവായിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും. ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വ്യാപാര മത്സരം ഉടലെടുത്തിട്ടുണ്ട്. ചൈനയുമായി യുഎസിന്റെ രൂക്ഷമായ വ്യാപാര യുദ്ധം നടക്കുന്നതിന് ഇടയിലാണിത്. ഈ സാഹചര്യത്തില്‍ ഇക്കാര്യം പ്രധാന വിഷയമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയല്‍, അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഇടം പിടിക്കും.

യുഎസുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ റഷ്യയുമായുള്ള പ്രതിരോധ കരാറുകളില്‍ നിന്ന് പിന്മാറാനോ ബന്ധത്തില്‍ മാറ്റം വരുത്താനോ ഇന്ത്യ താല്‍പര്യപ്പെടുന്നില്ല. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാറില്‍ നിന്ന് പിന്മാറില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ കരാറുമായി ബന്ധപ്പെട്ട്, പ്രതിയോഗികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാറ്റ്‌സയില്‍ (കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാന്‍ക്ഷന്‍സ് ആക്ട്) ഇളവ് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പ് വയ്ക്കുന്നതിനേക്കാള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനുള്ള തുടക്കം കുറിക്കലിനാണ് പുതിയ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പോംപിയോ എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍