UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി തരംഗം എന്തുകൊണ്ട് കേരളത്തിലില്ല? മലയാളികള്‍ക്ക് ധാരണക്കുറവുണ്ടാകാമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

എന്താണ് നരേന്ദ്ര മോദിയെ അംഗീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മടി എന്ന് പരിശോധിക്കേണ്ടി വരും.

മോദി തരംഗം എന്തുകൊണ്ട് കേരളത്തില്‍ ഉണ്ടാകുന്നില്ല എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് വി മുരളീധരന്‍. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി മലയാളികള്‍ക്ക് ധാരണക്കുറവ് ഉണ്ടാകാമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വി മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
എന്താണ് നരേന്ദ്ര മോദിയെ അംഗീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മറുപടി എന്ന് പരിശോധിക്കേണ്ടി വരും. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി ധാരണക്കുറവ് കൊണ്ടാണോ എന്ന് പരിശോധിക്കേണ്ട കാര്യമാണ് – മുരളീധരന്‍ പറഞ്ഞു.

ശബരിമല വിഷയം ബിജെപിക്ക് വോട്ടായി മാറിയിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് പോരായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ അടുത്ത കാലത്ത് എതിര്‍സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ വരെ ശ്രമം നടന്നു. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി മാറ്റാന്‍ സിപിഎം തയ്യാറാകണം. കേരളത്തിലെ ബിജെപിയില്‍ പ്രശ്‌നങ്ങളില്ല. സംഘടനയില്‍ ആശയപ്പോരാട്ടം നടക്കുന്നു എന്ന് പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ALSO READ: നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

വികസന കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പര്യത്തിനായി നിലകൊള്ളുമെന്നും കേരളത്തിന്റെ ദേശീയപാതാ വികസനത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിച്ചതായും മുരളീധരന്‍ പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്നും മുരളീധരന്‍ വ്യക്തമാക്കി.

ദേശീയപാതാ വികസനത്തില്‍ കേരളത്തിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുകയും കേരളത്തെ ഒഴിവാക്കില്ല എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍