UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആളുകളുടെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ വയ്യ’, വാവ സുരേഷ് പാമ്പുപിടുത്തം നിർത്തുന്നു

സോഷ്യൽ മീഡിയയിലും മറ്റും എന്നെ മോശമായി ചിത്രീകരിക്കുകയാണ്, പിന്മാറാൻ തന്നെയാണ് തീരുമാനം.

ഇരുപത്തൊമ്പത് വര്‍ഷമായി കേരളത്തിലെ പാമ്പുപിടിത്ത രംഗത്ത് സജീവമായ വാവ സുരേഷ് ജോലി അവസാനിപ്പിക്കുന്നു. 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് രംഗത്തുനിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ ഈ രംഗം വിടാൻ തയ്യാറാവുന്നതെന്നാണ് പ്രതികരണം

ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുതുടങ്ങിയതെന്നാണ് വാവ സുരേഷിന്റെ പ്രതികരണം. അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്നത്. പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നു എന്നതുൾപ്പെടെ ആരോപണം ഉയരുന്നു. ഇക്കാര്യങ്ങൾ വല്ലാതെ വിഷമിപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ ട്രോളുകൾ നിറഞ്ഞിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോഴുയരുന്ന ആരോപണങ്ങൾ വല്ലാതെ വിഷമിപ്പിക്കുയാണെന്നും അദ്ദേഹം പറയുന്നു.

ശരിക്കും എനിക്ക് ഈ തൊഴിലിൽ നിന്ന് വിട്ടുമാറണമെന്ന് ആഗ്രഹമുണ്ട്. അത് സോഷ്യൽ മീഡിയയിലും മറ്റും എന്നെ മോശമായി ചിത്രീകരിക്കുന്നത് കാരണമാണ്. പിന്മാറാൻ തന്നെയാണ് തീരുമാനം. അതിൽ സംശയമൊന്നുമില്ല. വാവ പറയുന്നു.

ആഗ്രഹിക്കാതെയാണ് ഇത്രകാലം പ്രവര്‍ത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകള്‍ ഒരു പരിധിയ്ക്ക് അപ്പുറമാണ്. അതിനാൽ ഇനു രംഗം വിടുകയാണെന്നും വാവ എഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് പ്രായമായ അമ്മക്ക് തുണയാകണമെന്നാണ് ആഗ്രഹമെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍