UPDATES

വായന/സംസ്കാരം

പുനത്തില്‍ നാലുവര്‍ഷം മുന്‍പേ മരിച്ചു; വീട്ടുകാര്‍ ഏകാന്തവാസം നല്‍കി കൊലപ്പെടുത്തുകയായിരുന്നു: വി ആര്‍ സുധീഷ്

മരണാസന്നമായ രണ്ടര വര്‍ഷം ഏകാകിയായി ജീവിക്കേണ്ടി വന്ന വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്നും വി ആര്‍ സുധീഷ് ആരോപിച്ചു.

ഉറ്റ സുഹൃത്തുക്കളെയടക്കം അകറ്റി നിര്‍ത്തി സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയെ വീട്ടുകാര്‍ രണ്ടര വര്‍ഷം ഏകാകിയാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് എഴുത്തുകാരന്‍ വി ആര്‍ സുധീഷ്. കോഴക്കോട്ട് നടന്ന പുനത്തില്‍ കുഞ്ഞബ്ദുല്ല അനുസമരണ ചടങ്ങ് ‘മരിക്കാത്ത കുഞ്ഞിക്ക’ യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനത്തില്‍ നാലുവര്‍ഷം മുന്‍പ് തന്നെ മരിച്ചിരുന്നു. ജീവന്‍ വെടിയുന്നതിന് മുന്നുവര്‍ഷം മുന്‍പ് തന്നെ അദ്ദേഹം ജീവച്ഛവമായിരുന്നതായും  വി ആര്‍ സുധീഷ്  കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആരോപിച്ചു.

എംടി വാസുദേവന്‍ നായരെപ്പോലും പുനത്തിലിനെ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കി. ഭാര്യയും മകളുമാണ് അദ്ദേഹത്തെ ഇങ്ങനെയാക്കിയത്.
കുടുംബം വലിയ ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തത്. പുനത്തിലിന് ജീവിക്കുമ്പോഴും മരിക്കുമ്പോഴും സ്വാതന്ത്ര്യം നല്‍കണമായിരുന്നു.  ഒരുപാട് പ്രണയിനികളില്‍നിന്ന് പുനത്തിലിനെ അകറ്റിനിര്‍ത്തി. മരണാസന്നമായ രണ്ടര വര്‍ഷം ഏകാകിയായി ജീവിക്കേണ്ടി വന്ന വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്നും വി ആര്‍ സുധീഷ് ആരോപിച്ചു.

എന്നാല്‍ ചില പത്രവാര്‍ത്തകളില്‍ നിന്നും ലഭിച്ച തെറ്റിദ്ധാരണകളാണ് വി ആര്‍ സുധീഷ് ഉള്‍പ്പെടെയുള്ള പുനത്തിലിന്റെ സുഹൃത്തുക്കള്‍ക്കെന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സഹോദരന്‍ ഇസ്മായില്‍ പ്രതികരിച്ചു. കുടുംബക്കാരുടെ ഇടപെടല്‍ രോഗവാസ്ഥ പരിഗണിച്ചായിരുന്നു. എന്നാല്‍ തെറ്റിദ്ധാരണമൂലം ചിലര്‍ അദ്ദേഹത്തെ കാണാനെത്തിയില്ലെന്നും ഇസ്മായില്‍ പറഞ്ഞു. അനുസമരണ ചടങ്ങ് എഴുത്തുകാരൻ ശത്രുഘ്നന്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ ആഴം പങ്കുവയ്ക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് പുനത്തിലെന്ന് ശത്രുഘ്നന്‍ ചടങ്ങിൽ പറഞ്ഞു. സാംസ്‌കാരിക വേദി പ്രസിഡന്റ് എ.കെ അബ്ദുല്‍ ഹക്കീം ലിജീഷ് കുമാര്‍ കെവി ശശി സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍