UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ലെന്ന് വഫ ഫിറോസിന്റെ മൊഴി

ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.

വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ അറസ്റ്റിലേക്ക് നയിച്ചത് സഹയാത്രികയായ യുവതി വഫാ ഫിറോസിന്റെ മൊഴി. ശ്രീറാം തന്നെയാണ് സംഭവസമയത്ത് കാറോടിച്ചതെന്നാണ് വഫ നൽകിയ മൊഴി എന്നാണ് വിവരം.

ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കേസില്‍ പ്രതിചേർക്കപ്പെട്ട വഫ ഫിറോസിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫാണ് മരിച്ച കെ.എം ബഷീർ.

അതിനിനെടെ കേസിൽ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യമില്ല. ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയായാണ് മജിസ്ട്രേറ്റ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത് . എന്നാൽ ശ്രീറാം ആശുപത്രിയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.59ന് കൊല്ലത്ത് ഔദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീർ സുഹൃത്തിന്റെ ഫോൺ വന്നത് പ്രകാരമാണ് പബ്ളിക് ഓഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തിയതെന്നാണ് വിവരം. ഇതേസമയം 1.05 ഓടെ വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതം വ്യക്തമാക്കുന്ന തരത്തിൽ ചോര ചിതറിയ നിലയിലായിരുന്നു അപകടസ്ഥലം. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ക്ലബിലെ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പോലീസ് സ്റ്റേഷന് 100 മീറ്ററോളം മാറിയായിരുന്നു അപകടം.

ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീരാമിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്തിയാണ് നടപടി. ജീവപര്യന്ത്യം മുതൽ പത്ത് വർഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പോലീസ് നടപടി വൈകിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് പോലീസ് നീക്കം.

ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍