പാകിസ്താന് ഒരിക്കലും ആക്രമണോത്സുക നയം സ്വീകരിച്ചിട്ടില്ല എന്നും എല്ലായ്‌പ്പോഴും സമാധാനത്തിനായി നിലകൊണ്ടതായും ഷാ ഖുറേഷി അവകാശപ്പെട്ടു.
കാശ്മീര്‍ പ്രശ്‌നം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല എന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ബിബിസി ഉറുദു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍ ഒരിക്കലും ആക്രമണോത്സുക നയം സ്വീകരിച്ചിട്ടില്ല എന്നും എല്ലായ്‌പ്പോഴും സമാധാനത്തിനായി നിലകൊണ്ടതായും ഷാ ഖുറേഷി അവകാശപ്പെട്ടു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്ന് പാകിസ്താന്‍ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത് എന്നും ഖുറേഷി പറഞ്ഞു. അതേസമയം കാശ്മീര്‍ പ്രശ്‌നം ഇന്ത്യ പറയുന്നത് പോലെ ഉഭയകക്ഷി പ്രശ്‌നം മാത്രമല്ലെന്നും അന്താരാഷ്ട്ര പ്രശ്‌നമാണ് എന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യ ഏതെങ്കിലും തരത്തില്‍ പാകിസ്താന് നേരെ ആക്രമണം നടത്തുകയും ആഗോള ശക്തികള്‍ കാശ്മീര്‍ പ്രശ്‌നം അവഗണിക്കുകയും ചെയ്യുകയാണെങ്കില്‍ ആണവരാജ്യങ്ങളായ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടുന്ന നിലയുണ്ടാകുമെന്ന് ന്യയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ തുടര്‍ച്ചയായി നടത്തിപ്പോരുന്നത്. ഇന്ത്യ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പിടിയിലാണെന്നും പാകിസ്താനെ ആക്രമിക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. യുഎന്‍ രക്ഷാസമിതിയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പാകിസ്താന്‍ ഇന്ത്യക്കെതിരെ പരാതി ഉന്നയിക്കുകയും ചെയ്തു. ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടായേക്കാം എന്നാണ് പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞത്.