UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലാവസ്ഥാ പ്രവചനത്തില്‍ കേന്ദ്രത്തിന് വീഴ്ച; കേരളം കത്തയച്ചു, അധുനിക സംവിധാനങ്ങള്‍ വേണമെന്നും ആവശ്യം

കഴിഞ്ഞ പ്രളയത്തിന് മുന്‍പ് ഐഎംഡിയുടെ കൊച്ചിയിലെ റഡാറും വിഎസ്എസ് സിയുടെ തിരുവന്തപുരത്തെ സംവാധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കത്ത് കുറ്റപ്പെടുത്തുന്നു.

കേരളത്തെ സംബന്ധിച്ച് കേന്ദ്രം നല്‍കുന്ന കാലാവസ്ഥാ പ്രവചനങ്ങളില്‍ വീഴ്ച സംഭവിക്കുന്നെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന്റെ കത്ത്. അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്ത് ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ മഴയളവ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമേ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്നും കത്ത് ആവശ്യം ഉന്നയിക്കുന്നുണ്ട്. ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്ത മന്ത്രാലയ സെക്രട്ടറിക്കാണ് സര്‍ക്കാര്‍ വിശദമായ കത്ത് നല്‍കിയത്.

കേരളത്തില്‍ ഇപ്പോള്‍ 68 മഴയളവ് കേന്ദ്രങ്ങളാണുള്ളത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം 256 കേന്ദ്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറയുമ്പോഴാണ് സംവിധാനങ്ങളിലെ വലിയ വ്യത്യാസം. ഈ സാഹചര്യത്തില്‍ 188 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്താമെന്നും ഇവിടങ്ങളില്‍ ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

വില്ലേജ് തലത്തില്‍ മഴ, താപനില മുന്നറിയിപ്പ് സംവിധാനങ്ങള്‍ ലഭ്യമാക്കണം. കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവങ്ങള്‍ ശേഖരിച്ച് വിദഗ്ദരുടെ സഹായത്തോടെ സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണം. കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും, അതുപ്രകാരമുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനും ജില്ലകളില്‍ ഒരു വിദഗ്ദനെ നിയമിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. തിരുവന്തപുരത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം മേഖലാ കേന്ദ്രമായി വികസിപ്പിക്കണമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തന രഹിത കേരളത്തിലെ അഞ്ച് ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളും പുനസ്ഥാപിക്കണം. മത്സ്യ ബന്ധന തുറമുഖങ്ങളില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കണം. കഴിഞ്ഞ പ്രളയത്തിന് മുന്‍പ് ഐഎംഡിയുടെ കൊച്ചിയിലെ റഡാറും വിഎസ്എസ് സിയുടെ തിരുവന്തപുരത്തെ സംവാധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കത്ത് കുറ്റപ്പെടുത്തുന്നു.

മുന്നറിയിപ്പിലെ വീഴ്ച സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായുള്ള ജില്ലാകളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കത്ത്് തയ്യാറാക്കിയത്. മുന്നറിയിപ്പ് നല്‍കുമ്പോള്‍ മഴ പെയ്യാതിരിക്കുകയും അല്ലാത്തപ്പോള്‍ പെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇവ ദുരന്തത്തിന് ആക്കം കൂട്ടിയെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍