UPDATES

വിദേശം

അലാസ്കയിൽ ഭൂചലനം: വൻ നാശനഷ്ടം, സുനാമി മുന്നറിയിപ്പ്; പ്രകമ്പന ദൃശ്യങ്ങൾ

ആങ്കറേജിൽ നിന്ന് 11 കിമീ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ സർവേ വകുപ്പ് വ്യക്തമാക്കി. 

യുഎസിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ ഒന്നായ അലാസ്കയിൽ വൻ ഭൂചലനം.  റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭുചലനത്തെ തുടർന്ന് യുഎസ് തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. ആങ്കറേജിൽ നിന്ന് 11 കിമീ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ സർവേ(യുഎസ്ജിഎസ്) വ്യക്തമാക്കി.

അലാസ്കയുടെ തെക്ക് കീനായ് പെനിൻ‌സുലയിലെ തീരമേഖലയിലാണു സൂനാമി മുന്നറിയിപ്പു നൽകിയിരുന്നാനതെന്ന് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) അറിയിച്ചു.  തീവ്രത കൂടിയ ഭൂചലനത്തിന് ശേഷം നിരവധി തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ആങ്കറിൽ രേഖപ്പെടുത്തിയ  5.8 ആണ് തുടർചലനങ്ങളിൽ ഏറ്റവും തീവ്രത കൂടിയത്.

അതേസമയം, റോഡുകൾ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ വൻ തോതിൽ നാശം സംഭവിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ ജീവഹാനിയോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അലാസ്കയിലുണ്ടായ ശക്തമായ ഭുചലനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഭൂചലനത്തിൽ വാർത്താ ചാനലുകളുടെ പ്രവർത്തനം ഉൾപ്പെടെ തടസ്സപ്പെട്ടു. പലയിടത്തും റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ചുമരുകളിലും വിള്ളലുകളുണ്ട്. പാലങ്ങൾ തകർന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലായി. മരങ്ങളും റോഡുകളിലേക്കു വീണു.

നിലവിലെ സാഹചര്യത്തിൽ യുഎസിലെയും വടക്കേ അമേരിക്കയിലെയും മറ്റു തീരമേഖലയിൽ സൂനാമി മുന്നറിയിപ്പു നൽകണമോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഹവായ് ദ്വീപുകളിലും പസഫിക് മേഖലയിലും സൂനാമി ഭീഷണിയില്ലെന്നും യുഎസിലെ സൂനാമി മുന്നറിയിപ്പു സംവിധാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന ബുള്ളറ്റിൻ അറിയിക്കുന്നു. എന്നാൽ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ വലിയ ഭുചലമാണ് അലാസ്കയിൽ ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍