UPDATES

വിദേശം

താന്‍ മരിച്ചിട്ടില്ല, അത് നാടകമായിരുന്നു; ലോകത്തെ ഞെട്ടിച്ച് ‘മരിച്ച’ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍

റഷ്യന്‍ ചാരന്‍മാരെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു നടപടി

മരണ നാടകവുമായി ലോകത്തെ ഞെട്ടിച്ച് റഷ്യന്‍ വിമര്‍ശകനായ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ക്കെഡി ബചെന്‍കോ. ഇന്നലെ കീവിലെ ആദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്നായിരുന്നു റിപോര്‍ട്ട്. മികച്ച യുദ്ധ ലേഖകനും കടുത്ത വ്‌ളാഡിമിര്‍ പുടിന്‍ വിമര്‍ശകനുമായിരുന്ന ബചെന്‍കോയുടെ മരണ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം അതീവ പ്രാധാന്യത്തോടെ റിപോര്‍ട്ടു ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത് നാടകമായിരുന്നെന്ന വിശദീകരണവുമായി മണിക്കൂറുകള്‍ക്കകം ബചെന്‍കോ തന്നെ രംഗത്തെത്തുകയായിരുന്നു. റഷ്യന്‍ ചാരന്‍മാരെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. ഉക്രൈയ്ന്‍ അധികൃതര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ ഭാര്യയോടു പോലും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ലെന്നും, ഇതൊരു ദുസ്വപ്‌നമായി കാണണമെന്നും, ഭാര്യയോട് പ്രത്യേകം മാപ്പു പറയുകയാണെന്നും ബചെന്‍കോ പ്രതികരിച്ചു.

ഉക്രൈയിന്‍ സുരക്ഷാ വകുപ്പ് തലവന്‍ വാര്‍സല്‍ റിറ്റ്‌സാക് അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. ബചെന്‍കോയെ കൊലപ്പെടുത്താന്‍ റഷ്യന്‍ ചാരന്‍മാര്‍ പദ്ധതിയിട്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും വാര്‍സല്‍ റിറ്റ്‌സാക് പ്രതികരിച്ചു.

ചെച്‌നിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികന്‍ കൂടിയായ ബചെന്‍കോ പിന്നീട് യുദ്ധ ലേഖകന്‍ എന്ന നിലയില്‍ പ്രശസ്തി നേടുകയായിരുന്നു. 2016ല്‍ യത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം റഷ്യ വെടിവച്ചിട്ടതാണെന്ന വാദവുമായി ലോക ശ്രദ്ധയിലെത്തിയ ബചെന്‍കോ ഇതോടെ റഷ്യന്‍ അധികൃതരുടെ കണ്ണിലെ കരടാവുകയായിരുന്നു. റിപോര്‍ട്ടിനെ തുടര്‍ന്ന് തനിക്ക് റഷ്യന്‍ അധികൃതരുടെ ഭീഷണി ഉണ്ടായിരുന്നെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം പ്രേഗിലേക്കും ശേഷം ഉക്രൈയിന്‍ തലസ്ഥാനത്തേക്കും താമസം മാറ്റുകയായിരുന്നു.

അതേസമയം, ബചെന്‍കോയുടെ മരണവാര്‍ത്തയെ തുടര്‍ന്ന ഉക്രൈയിന്‍ റഷ്യന്‍ അധികൃതര്‍ തമ്മില്‍ വാക് പോരും രൂക്ഷമായി. കൊലപാതകത്തിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് ഉക്രൈയിന്‍ അധികൃതര്‍ തന്നെ രംഗത്തെത്തിയതാണ് ആരോപണ പ്രത്യാരോപണം രൂക്ഷമാക്കിയത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്ത ഉക്രൈയിനില്‍ ഉത്തരം സംഭവങ്ങള്‍ പതിവാണെന്ന് റഷ്യന്‍ അധികൃതര്‍ ആരോപിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു റഷ്യയുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍